EBM News Malayalam
Leading Newsportal in Malayalam

റിയാദിലെ കോഴിഫാമില്‍ പക്ഷിപ്പനി കണ്ടെത്തി

റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ ഒരു കോഴിഫാമില്‍ പക്ഷിപ്പനി കണ്ടെത്തിയതായി സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. തുടര്‍ന്ന് വിവരം ലഭിച്ചയുടനെ എമര്‍ജന്‍സി ടീം സ്ഥലത്തെത്തി രോഗപകര്‍ച്ച തടയുന്നതിന് വേണ്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കി. അതേസമയം പക്ഷിപ്പനി പൊതുജനാരോഗ്യത്തിന് ഭീഷണിയല്ലെന്നും ഒ5ച8 പക്ഷികളെ മാത്രം ബാധിക്കുന്ന രോഗമാണെന്നും മനുഷ്യരിലേക്ക് പകരില്ലെന്നും മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അബാഖൈല്‍ വ്യക്തമാക്കി.

രണ്ട് വര്‍ഷത്തിനിടയില്‍ കണ്ടെത്തുന്ന ആദ്യത്തെ രോഗബാധയാണ് ഇപ്പോള്‍ റിയാദിലേത്. ശക്തമായ കരുതല്‍ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. മുഴുവന്‍ കോഴി ഫാം ഉടമകളും പക്ഷിപ്പനിക്കെതിരെയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. രോഗപകര്‍ച്ച തടയുന്നതിനായി പക്ഷികളെ വേട്ടയാടരുതെന്നും രോഗലക്ഷണമുള്ള ജീവികളെ കണ്ടാല്‍ വിവരമറിയിക്കണമെന്നും വക്താവ് അറിയിച്ചു.