Ultimate magazine theme for WordPress.

സെനറ്റില്‍ ഇന്ന് ഡോണള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് കുറ്റവിചാരണ തുടങ്ങും

വാഷിംങ്ടണ്‍: സെനറ്റില്‍ ഇന്ന് അമേരിക്കയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് കുറ്റവിചാരണ തുടങ്ങും. ഭരണഘടനക്ക് വിരുദ്ധമായ ഇംപീച്ച്‌മെന്റ് നടപടികള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് നൂറ് അംഗങ്ങളുള്ള സെനറ്റിനോട് വൈറ്റ് ഹൌസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള തീരുമാനം സെനറ്റിന് ജനപ്രതിനിധി സഭ വിട്ടിരുന്നു.

തീരുമാനം ജനപ്രതിനിധി സഭയുടെ ഉപരിസഭയായ സെനറ്റിന് കൈമാറണമോയെന്ന വോട്ടെടുപ്പിനെ 228 പേരാണ് അനുകൂലിച്ചത്. 193 പേരാണ് എതിര്‍ത്തിരുന്നത്. എന്നാല്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് മേധാവിത്വമുള്ള സെനറ്റാവും ട്രംപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമോയെന്നതില്‍ തീരുമാനമെടുക്കുന്നത്. അധികാര ദുര്‍വിനിയോഗം, കോണ്‍ഗ്രസ് നടപടികളെ തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് കഴിഞ്ഞ മാസമാണ് ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തത്.

തുടര്‍ന്ന് സെനറ്റില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലാവും ഇംപീച്ച്‌മെന്റ് നടപടികള്‍ നടക്കുക. സെനറ്റ് അംഗങ്ങള്‍ തന്നെയാണ് ജ്യൂറിയാവുക. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി സഭാംഗങ്ങള്‍ പ്രോസിക്യൂട്ടര്‍മാരുമാകും. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ട്രംപിനെ കുറ്റക്കാരനായി സെനറ്റ് കണ്ടെത്തിയാല്‍ ട്രംപ് പുറത്ത് പോകേണ്ടി വരുന്നതാണ്. സ്പീക്കര്‍ നാന്‍സി പെലോസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജനപ്രതിനിധിസഭാ ഇംപീച്ച്‌മെന്റ് നടപടികള്‍ തുടങ്ങിയത്.

കോണ്‍ഗ്രസ് ഇന്റലിജന്‍സ് കമ്മിറ്റിയും ജുഡീഷ്യറി കമ്മിറ്റിയും ആഴ്ചകള്‍ നീണ്ട തെളിവെടുപ്പ് നടത്തിയ ശേഷമാണ് പ്രമേയങ്ങള്‍ ജനപ്രതിനിധി സഭ പാസാക്കുക. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രധാന എതിരാളിയായ മുന്‍ വൈസ് പ്രസിഡന്റ് ജോബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ ഭരണകൂട സ്വാധീനം ഉപയോഗിച്ച് യുക്രെയ്ന്‍ സര്‍ക്കാറിനു മേല്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്‌മെന്റ് വിചാരണ നേരിടുന്നത്.

Comments are closed.