EBM News Malayalam
Leading Newsportal in Malayalam

മസ്‌കറ്റില്‍ കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 18 പേരെ രക്ഷപെടുത്തി

മസ്‌കത്ത്: ന്യൂനമര്‍ദത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ ആറ് മണി മുതല്‍ തന്നെ മസ്‌കത്ത് അടക്കമുള്ള സ്ഥലങ്ങളില്‍ അതിശക്തമായ മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 18 പേരെ രക്ഷപെടുത്തിയതായി പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അറിയിച്ചു. സീബ് വിലായത്തില്‍ പെട്ട അല്‍ മവാലീഹിലാണ് വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 18 പേര്‍ കുടുങ്ങിയത്.

തുടര്‍ന്ന് ഇവരെ സിവില്‍ ഡിഫന്‍സ് അധികൃതരെത്തി രക്ഷിക്കുകയായിരുന്നു. മസ്‌കത്തിലെ ചില സ്‌കൂളുകള്‍ ഇന്നലെ കുട്ടികള്‍ക്ക് അവധി നല്‍കിയിരുന്നു. എന്നാല്‍ ചില സ്‌കൂളുകളില്‍ ക്ലാസുകള്‍ തുടങ്ങിയ ശേഷം മഴ ശക്തമായതോടെ വിദ്യാര്‍ത്ഥികളെ തിരിച്ചയച്ചിരുന്നു. മഴയെ തുടര്‍ന്ന് മിക്ക വിലായത്തുകളിലും അന്തരീക്ഷ താപനില 10 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി. ജബല്‍ അല്‍ അഖ്ദറില്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് താപനിലയായിരുന്നു.