കൊളംബോ: ജനകീയ രോഷം ശക്തമായതോടെ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചെങ്കിലും ശ്രീലങ്കയിൽ പ്രതിഷേധം തുടരുന്നു. രാജിവച്ച പ്രധാനമന്ത്രി മഹീന്ദ രജപക്സെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായതോടെ അദ്ദേഹം രഹസ്യ താവളത്തിലേക്ക് മാറി. അതേസമയം ഇന്നലെ രാത്രി മുഴുവൻ തുടർന്ന അക്രമ സംഭവങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 250 കടന്നു. ഭരണപക്ഷ എം പി അടക്കം അഞ്ചു പേർ കൊല്ലപ്പെട്ട കലാപത്തിൽ കോടികളുടെ പൊതുമുതലാണ് ചാരമായത് എന്നാണ് റിപ്പോര്‍ട്ട്.സ്ഥാനമൊഴിഞ്ഞിട്ടും പ്രധാനമന്ത്രിയിയോടുള്ള കലിയടങ്ങാതെ ജനക്കൂട്ടം മഹിന്ദ രാജപക്സെയുടെ ഔദ്യോഗിക വസതിക്കു ചുറ്റും തടിച്ചുകൂടി. വീടിന് നേരെ തുടരെ തുടരെ പെട്രോൾ ബോംബുകൾ എറിഞ്ഞ സമരക്കാർ ഏതു നിമിഷവും വസതിക്ക് ഉള്ളിൽ കടക്കുമെന്ന് അവസ്ഥ വന്നതോടെ സൈന്യം വീട് വളഞ്ഞു. വസതിക്ക് ഉള്ളിൽ നിന്ന് സമരക്കാർക്കു നേരെ വെടിവെപ്പ് ഉണ്ടായി. പുലർച്ചെ കനത്ത സൈനിക കാവലിൽ മഹിന്ദ രജപക്സെയെ രഹസ്യ താവളത്തിലേക്ക് മാറ്റിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ. മഹിന്ദ രാജപക്സെയെ ക്രമസമാധാന തകർച്ചയുടെ പേരിൽ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ലങ്കയിൽ ശക്തമാണ്.