EBM News Malayalam

ചരിത്രവിജയം നേടി പിണറായി വിജയൻ സർക്കാർ രണ്ടാം മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടന്നതോടെ കേരളം ഉറ്റുനോക്കുന്നത് ആരൊക്കെ

തിരുവനന്തപുരം : ചരിത്രവിജയം നേടി പിണറായി വിജയൻ സർക്കാർ രണ്ടാം മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടന്നതോടെ കേരളം ഉറ്റുനോക്കുന്നത് ആരൊക്കെ മന്ത്രിക്കസേരയിലെത്തുമെന്നതാണ്. രണ്ടാം പിണറായി സർക്കാരിൽ മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാരിൽ ഏറിയ പങ്കും പുതുമുഖങ്ങളായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. മുഴുവൻ പുതുമുഖങ്ങളെ കൊണ്ടു വരാൻ ആലോചനയുണ്ടെങ്കിലും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ മാത്രം പിണറായിക്ക് പിന്നാലെ ക്യാബിനറ്റിൽ ഇടംപിടിച്ചേക്കും.

ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ചേർന്നപ്പോഴും പിബി അംഗങ്ങളായ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി, എസ് രാമചന്ദ്രൻപിള്ള എന്നവർ നടത്തിയ കൂടിയാലോചനകളിലും ‘ഫ്രഷ് ക്യാബിനറ്റ്’ എന്ന ആശയത്തിനാണ് മുൻതൂക്കം കിട്ടിയതെന്നാണ് സൂചന. ഇന്നും ഇതുസംബന്ധിച്ചുള്ള ചർച്ചകൾ എകെജി സെന്‍ററിൽ നടക്കും.

തോമസ് ഐസക്, ജി സുധാകരൻ, സി എൻ രവീന്ദ്രനാഥ്, എ കെ ബാലൻ എന്നീ പ്രമുഖരെ രണ്ട് ടേം വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ മാറ്റി നിർത്തിയ സിപിഎമ്മിന് പിണറായിയുടെ കീഴിൽ ഒരു പുതുമുഖ മന്ത്രിസഭ കൊണ്ടു വരാൻ യാതൊരു തടസവുമുണ്ടാകില്ല. മട്ടന്നൂരിൽ നിന്നും 60,000 വോട്ടുകളുടെ ചരിത്രഭൂരിപക്ഷത്തിന് ജയിച്ച ശൈലജ ടീച്ചർ ഒന്നാം പിണറായി സർക്കാരിലെ ഏറ്റവും ജനപ്രീതിയുള്ള മന്ത്രി കൂടിയായിരുന്നതിനാൽ ഇക്കുറിയും അവസരം ലഭിച്ചേക്കും.

ശൈലജ ടീച്ചറെ മാത്രം നിലനിർത്തി ബാക്കി മുഴുവൻ പുതുമുഖങ്ങൾ എന്ന സാധ്യത നേതൃത്വം കാര്യമായി ചർച്ച ചെയ്യുകയാണ്. ഫ്രഷ് ക്യാബിനറ്റാണ് വരുന്നതെങ്കിൽ എ സി മൊയ്തീൻ, ടി പി രാമകൃഷ്ണൻ എന്നിവർക്കും അവസാന നിമിഷം രാജിവച്ച കെ ടി ജലീലിനും ഇക്കുറി അവസരം ലഭിക്കില്ല. മന്ത്രിസഭയിൽ പൂർണമായും പുതുമുഖങ്ങളെ കൊണ്ടു വരുന്നതിലൂടെ കേരളത്തിലെ സിപിഎമ്മിൽ സമ്പൂർണ തലമുറമാറ്റം സാധ്യമാകും എന്നതാണ് ഇതിലെ സവിശേഷത.

34 വർഷം അധികാരത്തിലിരുന്ന ബംഗാളിൽ പാർട്ടി തകരാൻ ഇടയായത് തലമുറ മാറ്റത്തോട് മുഖം തിരിച്ചു നിന്നതാണ് എന്ന പാഠം ഉൾക്കൊണ്ടാണ് കേരളത്തിൽ തലമുറ മാറ്റത്തിന് സിപിഎം ലക്ഷ്യമിടുന്നത്. 99 സീറ്റുകളുടെ മഹാഭൂരിപക്ഷം പരീക്ഷണത്തിന് സിപിഎമ്മിന് ധൈര്യം നൽകുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ എടുത്ത ഉറപ്പുള്ള തീരുമാനം ഫലം കണ്ടതും നേതാക്കളുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു.

പുതുമുഖ മന്ത്രിമാരെ കൂടാതെ പുതിയ സർക്കാരിൽ സിപിഐയ്ക്ക് പ്രാതിനിധ്യം കുറഞ്ഞേക്കും എന്ന വാർത്തയും തിരുവനന്തപുരത്ത് നിന്നും വരുന്നുണ്ട്. സിപിഐയ്ക്ക് കഴിഞ്ഞ സർക്കാരിൽ കിട്ടിയ ആറ് ക്യാബിനറ്റ് പദവികളിൽ ഒന്നു കുറയാനാണ് സാധ്യത. കഴിഞ്ഞ തവണ കൈവശം വച്ച ചില വകുപ്പുകളും അവർക്ക് നഷ്ടപ്പെടും. ജനദാതൾ ഗ്രൂപ്പുകൾ ലയിച്ചു വന്നാൽ ഒരു മന്ത്രിസ്ഥാനം അവർക്ക് നൽകാനാണ് തീരുമാനം. ജോസ് വിഭാഗത്തിനും ഒരു മന്ത്രിസ്ഥാനമെങ്കിലും കിട്ടിയേക്കും. കെ ബി ഗണേഷ് കുമാർ, ആന്‍റണി രാജു എന്നിവരുടെ പേരുകളും ഉയർന്ന് കേൾക്കുന്നുണ്ട്.

അതേസമയം രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ മെയ് 18ന് നടക്കുമെന്നാണ് വ്യക്തമാകുന്നത്. 2016 മെയ് 25നാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത്. 17ന് രാവിലെ എൽഡിഎഫ് യോഗം ചേർന്ന് ഏതൊക്കെ പാർട്ടികൾക്ക് എത്ര മന്ത്രിസ്ഥാനം എന്ന കാര്യത്തിൽ തീരുമാനമെടുക്കും. പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും, സിപിഎം സംസ്ഥാന സമിതിയും എകെജി സെന്‍ററിൽ ചേരും. സത്യപ്രതിജ്ഞ ചടങ്ങ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായിട്ടാവും നടത്തുക.

Comments are closed.