EBM News Malayalam

തൃശ്ശൂരില്‍ 25000 വോട്ടിന് യുഡിഎഫ് ജയിക്കും!! സുരേഷ് ഗോപി മൂന്നാം സ്ഥാനത്തെത്തും

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി യോഗത്തില്‍ തൃശ്ശൂരിലെ ജയസാധ്യതയെ കുറിച്ച് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന്‍ സംശയം പ്രകടിപ്പിച്ചിരുന്നു. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിന് തിരിച്ചടിയായെന്ന നിലയിലായിരുന്നു പ്രതാപന്‍റെ ആശങ്ക പ്രകടിപ്പിച്ചത് എന്നായിരുന്നു വാര്‍ത്ത. ഇത് യുഡിഎഫ് ക്യാമ്പില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തു. എന്നാല്‍ യുഡിഎഫിന്‍റെ വിജയ പ്രതീക്ഷയില്‍ യാതൊരു ആശങ്കയുമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പ്രതാപന്‍. മാധ്യമങ്ങള്‍ തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വാര്‍ത്ത നല്‍കിയതെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെയാണ് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലും ട്വിസ്റ്റ് സംഭവിച്ചത്. ബിഡിജെഎസ് നേതാവായ തുഷാര്‍ വെള്ളപ്പാള്ളി ഇതോടെ വയനാട്ടിലേക്ക് മാറുകയും സുരേഷ് ഗോപി തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിയായി എത്തുകയും ചെയ്തു.എന്നാല്‍ അവസാന നിമിഷമാണ് സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതെങ്കിലും വിചാരിക്കാത്ത അടിയൊഴുക്കുകള്‍ മണ്ഡലത്തില്‍ ഉണ്ടായി എന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതാപന്‍ യോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ചത്. തുടക്കത്തില്‍ പ്രതീക്ഷിച്ച മുന്നേറ്റത്തില്‍ സുരേഷ് ഗോപി വന്നതോടെ ചെറിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ യുഡിഎഫിന്‍റെ വിജയതത്തെ അത് ബാധിച്ചിട്ടില്ല. ഒരു സര്‍വ്വേ ഏജന്‍സിയും പ്രതീക്ഷിക്കാത്ത വിജയം ഉണ്ടാകുമെന്നും പ്രതാപന്‍ പറഞ്ഞു.ജില്ലയിലെ മൂന്ന് പാര്‍ലമെന്‍റ് മണ്ഡലങ്ങളില്‍ യുഡിഎഫ് നേട്ടം കൊയ്യും. ആലത്തൂരില്‍ അത്ഭുദകരമായ വിജയമായിരിക്കും ഉണ്ടാകുകയെന്നും ടിഎന്‍ പ്രതാപന്‍ വ്യക്തമാക്കി. അതേസമയം സംസ്ഥാനത്തെ 20 സീറ്റിലും യുഡിഎഫ് വിജയം നേടുമെന്ന് കെപിസിസി യോഗത്തിന് ശേഷം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.കോണ്‍ഗ്രസിന്‍റേത് മികച്ച സ്ഥാനാര്‍ത്ഥികളായിരുന്നു. 140 മണ്ഡലങ്ങളില്‍ താന്‍ സന്ദര്‍ശിച്ചിരുന്നു. എല്ലാവരും മികവുറ്റ പ്രകടനമാണ് കാഴ്ച വെച്ചത്. മോദിയല്ല ദേശീയ രാഷ്ട്രീയത്തിന്‍റെ ശ്രദ്ധാ കേന്ദ്രം രാഹുല്‍ ഗാന്ധിയാണെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു

Comments
Loading...