EBM News Malayalam

ഗ്രീന്‍ലാന്റ് വാങ്ങാനുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ ശ്രമത്തെ എതിര്‍ത്ത് ഗ്രീന്‍ലാന്റ്

കോപ്പന്‍ഹേഗന്‍ : ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്റ് വാങ്ങാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് എതിര്‍പ്പുമായി ഗ്രീന്‍ലാന്റും ഡന്മാര്‍ക്കും രംഗത്ത് വന്നു. യുറോപ്പില്‍ പെടുന്ന സ്‌കാന്‍ഡനേവിയന്‍ രാഷ്ട്രം ഡെന്മാര്‍ക്കിന് കീഴിലുള്ള സ്വതന്ത്രഭരണ പ്രദേശവുമായ ഗ്രീന്‍ലാന്റ് വാങ്ങാനുള്ള ചര്‍ച്ച ട്രംപ് സ്വകാര്യമായി നടത്തി എന്നായിരുന്നു അറിവ്.

സെപ്തംബറില്‍ ട്രംപ് ഡന്മാര്‍ക്കിലും ആര്‍ട്ടിക്കിലുമായി നടത്തുന്ന സന്ദര്‍ശനത്തില്‍ ഈ അജണ്ടയില്‍ ഡന്മാര്‍ക്കിന്റെയും ഗ്രീന്‍ലാന്റിന്റെയും പ്രധാനമന്ത്രിമാരുമായി ചര്‍ച്ച നടത്തിയേക്കുമെന്നാണ് അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വടക്കന്‍ അറ്റ്ലാന്റിക്കിനും ആര്‍ട്ടിക്ക് സമുദ്രത്തിനും ഇടയില്‍ കിടക്കുന്ന സ്വയംഭരണ പ്രദേശമാണ് ഗ്രീന്‍ലാന്റ് ഡന്മാര്‍ക്കിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ സംഭാവന നല്‍കുന്ന ഇടം കൂടിയാണ്.

ആഭ്യന്തര കാര്യങ്ങളെല്ലാം സ്വയം നിര്‍വ്വഹിക്കുന്ന ഗ്രീന്‍ലാന്റിന്റെ വിദേശ നയവും പ്രതിരോധവും നിര്‍വ്വഹിക്കുന്നത് ഡന്മാര്‍ക്കാണ്. ഗ്രീന്‍ലാന്റില്‍ നയതന്ത്ര കണ്ണുകളുള്ള രാജ്യങ്ങളില്‍ അമേരിക്കയ്ക്ക് പുറമേ ചൈനയും റഷ്യയുമുണ്ട്. ബിസിനസ് ചെയ്യാന്‍ വാതില്‍ തുറന്നിടാം. എന്നാല്‍ സ്വയം വില്‍പ്പനച്ചരക്കാകാനില്ല എന്ന മറുപടിയുമായി ഗ്രീന്‍ലാന്റിന്റെ വിദേശകാര്യ മന്ത്രി ആനി ലോണ്‍ ബാഗര്‍ പ്രതികരിക്കുകയായിരുന്നു. തുടര്‍ന്ന് ഡന്മാര്‍ക്കിലെ രാഷ്ട്രീയക്കാര്‍ ഒന്നടങ്കം ഇപ്പോള്‍ ട്രംപിനെതിരേ രംഗത്ത് വന്നു.

” ഇത് തെമ്മാടിത്തരമാണ്. ട്രംപ് വട്ടനാണെന്നതിന് ഇതിനേക്കാള്‍ വലിയ തെളിവ് ആവശ്യമില്ല. 50,000 പൗരന്മാരെ ഡന്മാര്‍ക്ക് വില്‍ക്കുമെന്ന ചിന്ത അമേരിക്കയുടെ മുഷ്‌ക്ക് തന്നെ. ” ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടിയുടെ വിദേശകാര്യ വക്താവ് സോറന്‍ എസ്പേഴ്സണ്‍ പറഞ്ഞു. 1917 ല്‍ തങ്ങളുടെ അധീനതയില്‍ ഉണ്ടായിരുന്ന വെസ്റ്റിന്‍ഡീസ് ദ്വീപ് അമേരിക്കയ്ക്ക് 25 ദശലക്ഷം ഡോളറിന് വിറ്റ് ചരിത്രം ഡന്മാര്‍ക്കിനുണ്ട് താനും. ഡാനിഷ് പ്രതിപക്ഷം എതിര്‍ക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി മെറ്റ് ഫ്രഡറിക് സണോ വിദേശകാര്യമന്ത്രി ജെപ്പ് കോഫോഡോ ഇതുവരെ മറുപടി അറിയിച്ചിട്ടില്ല.

Comments
Loading...