EBM News Malayalam

വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ലെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു

ബംഗളുരു: ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ലെന്നും സോഫ്റ്റ് ലാന്‍ഡിംഗിനിടെ ലാന്‍ഡര്‍ ചരിഞ്ഞ് കിടക്കുകയാണെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഓര്‍ബിറ്റര്‍ ക്യാമറ പകര്‍ത്തിയ ചിത്രങ്ങള്‍ വിലയിരുത്തിയാണ് ഐ.എസ്.ആര്‍.ഒ ഇത് കണ്ടെത്തിയത്.

കൂടാതെ സോഫ്റ്റ് ലാന്‍ഡിംഗ് ഉദ്ദേശിച്ചിരുന്നതിന് സമീപം തന്നെയാണ് ലാന്‍ഡര്‍ ഇറങ്ങിയിരിക്കുന്നതെന്നും ലാന്‍ഡര്‍ തകര്‍ന്നിട്ടില്ലെന്നും ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമം നടക്കുകയാണെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു. ചരിഞ്ഞ നിലയിലാണ് ലാന്‍ഡറുള്ളത്. ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ഇന്ന് മുതല്‍ 14 ദിവസത്തേക്ക് ശ്രമം തുടരുമെന്നും ഐ.എസ്.ആര്‍.ഒ പറഞ്ഞു.

ലാന്‍ഡര്‍ ഒറ്റ പീസായി തന്നെയാണുള്ളതെന്ന് തെര്‍മല്‍ ഇമേജ് വ്യക്തമാക്കുന്നു. ഓര്‍ബിറ്റര്‍ ക്യാമറ പകര്‍ത്തിയ ചിത്രങ്ങള്‍ വിലയിരുത്തിയാണ് വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാണെന്ന് വ്യക്തമായത്. വിക്രം ലാന്‍ഡറിന്റെ ചന്ദ്രോപരിതലത്തിലെ സ്ഥാനം കണ്ടെത്താനായത് നിര്‍ണായകമാണെന്ന് ചന്ദ്രയാന്‍ 1 പ്രോജക്ട് ഡയറക്ടര്‍ ഡോ. മൈലസ്വാമി അണ്ണാദുരൈ പറഞ്ഞു.

ലാന്‍ഡറിന് ഓര്‍ബിറ്ററുമായി നേരിട്ട് ബന്ധപ്പെടാനുള്ള കഴിവുണ്ട്. ചന്ദ്രോപരിതലത്തിലെ ഗര്‍ത്തത്തില്‍ വീണാല്‍ പോലും തിരിച്ച് സിഗ്‌നല്‍ ലഭിക്കുന്ന വിധമാണ് വിക്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Comments
Loading...