EBM News Malayalam

പാര്‍ട്ടി സസ്പെന്റു ചെയ്ത എം.എല്‍.എ പ്രണവ് സിംഗ് വീണ്ടും വിവാദത്തില്‍

ന്യുഡല്‍ഹി: ഉത്തരാഖണ്ഡിലെ ഒരു മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ പാര്‍ട്ടി സസ്പെന്റു ചെയ്ത എം.എല്‍.എ പ്രണവ് സിംഗ് ആണ് വിവാദത്തില്‍പെട്ടിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ബോളിവുഡ് സിനിമയിലെ നൃത്തരംഗം അവതരിപ്പിച്ചുകൊണ്ട് നാലു തോക്കുകള്‍ വരെ ഒരേസമയം ഉയര്‍ത്തിപ്പിടിച്ച് മദ്യവും കുടിക്കുന്ന എം.എല്‍.എയുടെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. കാലിലെ ശസ്ത്രക്രിയയ്ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തിയതിന്റെ ആഘോഷമാണ് പ്രണവ് സിംഗ് സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയത്.

ഇന്ത്യയില്‍ മറ്റാര്‍ക്കും ഇതുപോലെ ചെയ്യാന്‍ കഴിയില്ലെന്നാണ് എം.എല്‍.എ മറുപടി പറയുന്നത്. നിലവില്‍ മൂന്നു മാസത്തെ സസ്പെന്‍ഷനിലാണ് പ്രണവ്. പുതിയ സംഭവങ്ങള്‍ പാര്‍ട്ടി അച്ചടക്ക സമിതി പരിശോധിക്കുമെന്നും സംസ്ഥാന ഘടകം വ്യക്തമാക്കി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഒരു മാധ്യമപ്രവര്‍ത്തകനു നേരെ വധഭീഷണി മുഴക്കുന്ന പ്രണവ് കുമാറിന്റെ വീഡിയോ പുറത്തുവന്നത്. ഇതിനു ശേഷം ഡല്‍ഹി ചാണക്യപുരി പോലീസ് സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകന്‍ പരാതിയും നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഉത്തരഖണ്ഡ് ബി.ജെ.പി അധ്യക്ഷന്‍ നരേഷ് ബന്‍സാള്‍, ജൂണ്‍ 22ന് പ്രണവ് സിംഗിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് മൂന്നു മാസത്തേക്ക് സസ്പെന്റു ചെയ്തിരുന്നു.

Comments
Loading...