EBM News Malayalam

ജറുസലേമിലെ ആരാധനാലയത്തില്‍ വെടിവെപ്പ്, നിരവധി പേര്‍ കൊല്ലപ്പെട്ടു

ജറുസലേം: ഇസ്രയേലിലെ ജറുസലേമിലെ ജൂത ആരാധനാലയത്തിലുണ്ടായ വെടിവെപ്പില്‍ ഏഴ് മരണം. പത്തു പേര്‍ക്ക് പരിക്കേറ്റു. പൊലീസുമായുള്ള വെടിവെപ്പില്‍ ആക്രമിയും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം പലസ്തീനിനു നേരെയുണ്ടായ ഇസ്രയേലി സൈനിക നടപടിയില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് സിനഗോഗ് ആക്രമിക്കപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി പ്രാര്‍ത്ഥനയ്ക്ക് ശേഷം സിനാഗോഗില്‍ നിന്ന് പുറത്തിറങ്ങിയവര്‍ക്ക് നേരെ അക്രമി നിറയൊഴിക്കുകയായിരുന്നു. ഏഴു പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേലി പൊലീസ് വ്യക്തമാക്കി. പരിക്കേറ്റവരില്‍ ചിലരുടെ പരിക്ക് ഗുരുതരമാണെന്നും പൊലീസ് പറഞ്ഞു. വെടിയേറ്റവരില്‍ 14 വയസുകാരനും 70 കാരനും ഉള്‍പ്പെടുന്നുണ്ട്. ഈസ്റ്റ് ജറുസലേം സ്വദേശിയായ 21കാരനാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.