EBM News Malayalam

കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ യുഎഇയുടെ അടിയന്തര അനുമതി

അബുദാബി: കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ യുഎഇ അടിയന്തര അനുമതി നല്‍കി. രാജ്യത്ത് മൂന്നാംഘട്ട പരീക്ഷണം നടത്തുന്ന വാക്‌സിന്‍ ശരീരത്തിലെ ദോഷവസ്തുക്കള്‍ക്കെതിരെ പ്രതികരിക്കുന്നതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഉവൈസ് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ വാക്‌സീനിന്റെ സുരക്ഷാ പരിശോധന നടത്തിയതായും ഫലം മികച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അബുദാബിയില്‍ നടക്കുന്ന മൂന്നാംഘട്ട വാക്‌സീന്‍ പരീക്ഷണത്തില്‍ കഴിഞ്ഞ ആറ് ആഴ്ചകളായി 125 രാജ്യക്കാരായ 31,000 പേര്‍ പങ്കെടുക്കുന്നതായി മൂന്നാംഘട്ട പരീക്ഷണത്തിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ നവാല്‍ അല്‍ കഅബി പറഞ്ഞു. മറ്റു അസുഖങ്ങളുള്ള 1000 മുന്നണിപ്പോരാളികള്‍ക്ക് വാക്‌സീന്‍ പരീക്ഷിക്കുകയും ഫലം വിജയമാവുകയും ചെയ്തിരുന്നു.

മറ്റു വാക്‌സീനുകള്‍ നല്‍കുമ്പോഴുള്ള പാര്‍ശ്വഫലങ്ങള്‍ മാത്രമേ ഇവര്‍ക്കുണ്ടായിട്ടുള്ളൂ. ഗുരുതരമായ പാര്‍ശ്വ ഫലങ്ങളോ മറ്റു രോഗങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇപ്പോഴുണ്ടായ ഫലം പഠനം കൂടുതല്‍ ശക്തമായി തുടരുന്നതിന് പ്രചോദനമാകുമെന്നും അധികൃതര്‍ അറിയിച്ചു. യുഎഇയില്‍ 777 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 530പേര്‍ രോഗമുക്തരായി.

Comments are closed.