EBM News Malayalam

മൊബൈല്‍ ടവര്‍ തട്ടിപ്പുമായി വ്യാജ കമ്പനികള്‍

വ്യാജ കമ്പനികളും വ്യക്തികളും മൊബൈൽ ടവർ സ്ഥാപിക്കുന്നതിൻറെ ഭാഗമായി സർക്കാരിലേക്ക് ടാക്സ് അടയ്ക്കാനെന്നതിൻറെ പേരിൽ സ്ഥലം ഉടമകളുടെ കൈയ്യിൽ നിന്നും പണം വാങ്ങുന്നുണ്ടെന്ന് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ടെലികോം ആക്ടിൻറെ പേരിലാണ് സ്ഥലം ഉടമകളോട് പണം വാങ്ങുന്നത്. ഇത്തരം തട്ടിപ്പിന് ആളുകൾ ഇരയാകരുതെന്നും കരുതൽ വേണമെന്നും ട്രായ് അധികൃതർ അറിയിച്ചു.

പല വ്യക്തികളോടും അവരുടെ സ്ഥലത്ത് ടവർ സ്ഥാപിക്കാൻ ടെലകോം ആക്ടിലെ നികുതി നിയമപ്രകാരം പണം അടയ്ക്കേണ്ടതുണ്ടെന്ന് പറഞ്ഞ് ചില വ്യാജ കമ്പനികളും ഏജൻസികളും അവരുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ടെലകോം റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.

തട്ടിപ്പിനായി വിവര സാങ്കേതികവിദ്യാ മന്ത്രാലയത്തിൻറെ പേരിൽ വ്യാജമായി ഉണ്ടാക്കിയ നോ ഒബ്ജക്ഷൻ/ പെർമിഷൻ സർട്ടിഫിക്കറ്റികളും കമ്പനികൾ ഉപയോഗിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളിലുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ലെന്നും നിയമപാലകരുമായി ബന്ധപ്പെടേണ്ടതാണെന്നും ട്രായ് അധികൃതർ കൂട്ടിച്ചേർത്തു.

മൊബൈൽ ടവർ സ്ഥാപിക്കുന്നതിനോ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിനോ വേണ്ടി യാതൊരു വിധ ലെവിയും ടാക്സും ട്രായ് നേരിട്ടോ അല്ലാതെയോ കൈപ്പറ്റുന്നില്ലെന്നും ഇത് സംബന്ധിച്ച യാതൊരുവിധ ഇടപാടുകളും നടത്തുന്നില്ല.

Comments
Loading...