EBM News Malayalam

മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ടി.എൻ. ശേഷൻ അന്തരിച്ചു.

ചെന്നൈ: മുന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ടി.എന്‍. ശേഷന്‍ അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം ചെന്നൈയിലെ വസതിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. 1990 ഡിസംബര്‍ 12നാണ് അദ്ദേഹം ഇന്ത്യയുടെ പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതല ഏറ്റത്.

1996 ഡിസംബര്‍ 11 വരെ ആ പദവിയില്‍ തുടര്‍ന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്ന ഒരു സംവിധാനമുണ്ടെന്ന് ഇന്ത്യയിലെ സാമാന്യജനം അറിഞ്ഞത് ശേഷന്‍ അതിന്റെ തലപ്പത്ത് എത്തിയപ്പോഴാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുപ്പുനടത്തിപ്പുകാരന്റെ ചുമതലയും അധികാരവുമെന്തെന്ന് അദ്ദേഹം രാജ്യത്തെ ബോദ്ധ്യപ്പെടുത്തി. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക, സ്ഥാനാര്‍ത്ഥികളുടെ വരുമാന വിവരം വെളിപ്പെടുത്തുക എന്നിങ്ങനെ നിരവധി വിപ്ലവാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു.

1932ല്‍ പാലക്കാട് ജില്ലയിലെ തിരുന്നെല്ലായി എന്ന ദേശത്താണ് ജനനം. ബേസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാലക്കാട് വിക്ടോറിയ കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1955 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. പരേതയായ ജയലക്ഷ്മിയാണ് ഭാര്യ. മക്കളില്ല. രാജ്യം കണ്ട ഏറ്റവും പ്രഗത്ഭനായ തിരഞ്ഞെടുപ്പു കമ്മിഷണറെന്ന നിലയില്‍ മലയാളികളുടെ അഭിമാനമാണ് അദ്ദേഹം.

Comments
Loading...