EBM News Malayalam
Leading Newsportal in Malayalam

വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി-സാറ്റ് 30 ഈ മാസം 17ന് വിക്ഷേപിക്കും

തിരുവനന്തപുരം: അതിവേഗ ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തില്‍ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി-സാറ്റ് 30 ഈ മാസം 17ന് വിക്ഷേപിക്കും. ഫ്രഞ്ച് ഗയാനയിലെ കൗറുവില്‍ നിന്ന് ഏരിയന്‍ 5 റോക്കറ്റിലാണ് വിക്ഷേപണം നടക്കുന്നത്. ഇന്റര്‍നെറ്റ് ശക്തമാക്കാനുള്ള പദ്ധതിക്ക് 2017 ലാണ് തുടക്കമിട്ടത്.

2017 ല്‍ ജിസാറ്റ് 19, 2018ല്‍ ജിസാറ്റ് 29,11,2019 ല്‍ ജിസാറ്റ് 31 എന്നീ ഉപഗ്രഹങ്ങളാണ് ഈ പദ്ധതിയില്‍ വിക്ഷേപിച്ചത്. ഇതിന്റെ ഭാഗമാണ് 17ന് അയയ്ക്കുന്ന ജിസാറ്റ് 30. ഈ വര്‍ഷം തന്നെ ജിസാറ്റ് 20 എന്ന മറ്റൊരു ഉപഗ്രഹം കൂടി അയച്ചേക്കും. 83 വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിച്ചിട്ടുള്ളത്. ഇതില്‍ 34 എണ്ണം സജീവമാണ്. രാജ്യത്തെല്ലായിടത്തും പ്രത്യേകിച്ച് ഗ്രാമങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റാണ് ലക്ഷ്യം.

ഓരോ ജി – സാറ്റ് ഉപഗ്രഹവും കൂടുതല്‍ സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് എത്തിക്കും. ജിസാറ്റ് 30 കപ്പലുകളിലും വിമാനങ്ങളിലും കൂടി ഇന്റര്‍നെറ്റ് ലഭ്യമാക്കും. ജിസാറ്റ് 20 കൂടി വരുമ്പോള്‍ മലമ്പ്രദേശങ്ങളിലും താഴ്വാരങ്ങളിലും നെറ്റ് ലഭിക്കുന്നതാണ്. തുടര്‍ന്ന് സെക്കന്‍ഡില്‍ 2 മെഗാബൈറ്റാണ് ഇന്ത്യയിലെ ശരാശരി ഇന്റര്‍നെറ്റ് വേഗത ലഭിക്കുന്നത്. വാര്‍ത്താവിനിമയം, ടെലിവിഷന്‍ സംപ്രേഷണം, സൈനിക വാര്‍ത്താവിനിമയം എന്നിവയ്ക്കായാണ് ഇന്ത്യ ഉപഗ്രഹങ്ങളയയ്ക്കുന്നത്.