EBM News Malayalam

ടിഗോര്‍ ഇവിയുടെ ലോംഗ് റേഞ്ച് ഇന്ത്യന്‍ വിപണിയില്‍

ടിഗോർ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്. ടിഗോർ സെഡാൻ ഇവി ഇപ്പോൾ വാണിജ്യ, വ്യക്തിഗത ഉപഭോക്താക്കൾക്ക് ലഭ്യമാകും. 9.44 ലക്ഷം രൂപയാണ് ഇലക്ട്രിക്ക് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഇലക്ട്രിക്ക് വാഹനങ്ങൾക്ക് സർക്കാർ നൽകുന്ന സബ്സിഡി കുറച്ച ശേഷമാണ് ഈ വില കമ്പനി നിശ്ചയിച്ചിരിക്കുന്നത്.

ടാറ്റാ ടിഗോർ ഇവി മൂന്ന് വകഭേദങ്ങളിലാണ് വാഗ്ദാനം ചെയ്യുന്നത്. XE+, XM+, XT+ എന്നീ മൂന്ന് മോഡലുകളും FAME II ആനുകൂല്യങ്ങൾക്ക് യോഗ്യത നേടിയിട്ടുണ്ട്. വാഹനത്തിന്റെ ലോംഗ് റേഞ്ച് പതിപ്പ് മെച്ചപ്പെടുത്തിയ ഡ്രൈവിംഗ് ശ്രേണി, ഉടമസ്ഥാവകാശത്തിന്റെ കുറഞ്ഞ ചെലവ്, മലിനീകരണമില്ലായ്മ എന്നിവ വാഗ്ദാനം ചെയ്യുന്നു.

21.5 കിലോവാട്ട് വലിപ്പമുള്ള ബാറ്ററി പായ്ക്കാണ് പുതിയ ടിഗോർ ഇവിയിൽ ടാറ്റ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒറ്റ ചാർജിൽ 213 കിലോമീറ്റർ വാഹനത്തിൽ സഞ്ചരിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡ്രൈവ്, സ്‌പോർട്ട് എന്നീ രണ്ട് ഡ്രൈവിംഗ് മോഡുകളുമായാണ് ഇലക്ട്രിക്ക് വാഹനം എത്തുന്നത്.

ബാറ്ററി കൂളിംഗ് സംവിധാനം മെച്ചപ്പെടുത്തിയെന്നും ടാറ്റ അവകാശപ്പെടുന്നു. ഇത് ഉയർന്ന അന്തരീക്ഷ താപനിലയിലും സ്ഥിരമായ പ്രകടനം ഉറപ്പാക്കുന്നു. സ്റ്റാൻഡേർഡ്, ഫാസ്റ്റ് ചാർജിംഗ് സിസ്റ്റത്തിനായി രണ്ട് ചാർജിംഗ് പോർട്ടുകളാണ് ടിഗോർ ഇവിയിൽ നനൽകിയിരിക്കുന്നത്.

ടിഗോർ ഇവി ലോംഗ് റേഞ്ച് പതിപ്പ് ദൈർഘ്യമേറിയ യാത്രകളുടെ ആവശ്യകതകളെ ഉചിതമായി നിറവേറ്റുന്നു. മാത്രമല്ല ഞങ്ങളുടെ വാണിജ്യ ഉപഭോക്താക്കൾക്ക് ഉയർന്ന വരുമാനം നേടാനുള്ള സാധ്യതയും ഇത് തുറക്കുന്നെന്ന് ടാറ്റ മോട്ടോർസ് ലിമിറ്റഡ് ഇലക്ട്രിക്ക് വെഹിക്കിൾ ബിസിനസ് സെയിൽസ്, മാർക്കറ്റിംഗ്, കസ്റ്റമർ സർവീസ് തലവൻ ആശേഷ് ധർ പറഞ്ഞു.

സ്റ്റാൻഡേർഡ് വകഭേദങ്ങളിലുള്ള എല്ലാ സുരക്ഷാ സവിശേഷതകളും ഉപകരണങ്ങളും ടിഗോർ ഇവി വാഗ്ദാനം ചെയ്യുന്നു. എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, അതിവേഗ മുന്നറിയിപ്പ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

മൂന്ന് വർഷത്തെ അല്ലെങ്കിൽ 1.25 ലക്ഷം കിലോമീറ്റർ വാറണ്ടിയുമായാണ് ഇവി സ്റ്റാൻഡേർഡ് വിപണിയിലെത്തുന്നത്. പുതിയ ഇലക്ട്രിക്ക് പതിപ്പിന്റെ ബുക്കിംഗ് ഇന്ത്യയിലെ എല്ലാ ഡീലർഷിപ്പുകളിലും കമ്പനി ആരംഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ വിതരണം ടാറ്റ ഉടൻ ആരംഭിക്കും.

Comments
Loading...