EBM News Malayalam

വനിതാ ഏഷ്യാ കപ്പ് ഇന്നു മുതല്‍; ഇന്ത്യയ്ക്ക് എതിരാളികളായി ശ്രീലങ്ക

സിൽഹെറ്റ്: വനിതാ ഏഷ്യാ കപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് ബംഗ്ലാദേശിൽ തുടക്കം. ശ്രീലങ്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് സിൽഹട്ട് സ്റ്റേഡിയത്തിലാണ് മത്സരം. വനിതാ ഏഷ്യാകപ്പിന്റെ എട്ടാം പതിപ്പാണ് ഇക്കുറി അരങ്ങേറുന്നത്.

ടൂർണമെൻറിൽ ഇതുവരെ കൂടുതല്‍ കിരീടം നേടിയത് ടീം ഇന്ത്യയാണ്. ആദ്യ ആറ് ഏഷ്യാ കപ്പിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. 2004, 2005, 2006, 2008, 2012, 2016 വർഷങ്ങളിലായിരുന്നു ഇന്ത്യയുടെ കിരീട നേട്ടങ്ങൾ. 2018ൽ നടന്ന ഏഴാം ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനല്‍ കളിച്ചെങ്കിലും ബംഗ്ലാദേശിനോട് പരാജയപ്പെട്ടു.

ഇന്ത്യയെ സംബന്ധിച്ച് ഇത്തവണ കിരീടം തിരിച്ചുപിടിക്കേണ്ടത് അഭിമാന പ്രശ്നമാണ്. ഇംഗ്ലണ്ടിനെതിരായ ട്വൻറി-20 പരമ്പരയിൽ പൊരുതിത്തോറ്റെങ്കിലും ഏകദിന പരമ്പര നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഹർമൻപ്രീതും സംഘവും.