ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്‍ഡ് വനിതാ ക്രിക്കറ്റ് ഇതിഹാസം ഏമി സാറ്റെര്ത്വെയ്റ്റ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ കരാര്‍ പട്ടികയില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് മുപ്പത്തിയഞ്ചുകാരിയായ താരത്തിന്റെ പ്രഖ്യാപനം. വനിതാ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന ഏഴാമത്തെ റണ്‍വേട്ടക്കാരിയാണ് ഏമി സാറ്റെര്ത്വെയ്റ്റ്.
ഏമി സാറ്റെര്‍ത്വെയ്റ്റിന്റെ റെക്കോര്‍ഡുകള്‍
2007ലാണ് വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട ഓള്‍റൗണ്ടറായ ഏമി സാറ്റെര്ത്വെയ്റ്റ് രാജ്യാന്തര അരങ്ങേറ്റം കുറിച്ചത്. 2018ലും 2019ലും ദേശീയ ടീമിനെ നയിച്ചു. വനിതാ ഏകദിന ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിന്റെ ഉയര്‍ന്ന രണ്ടാമത്തെ റണ്‍വേട്ടക്കാരിയാണ്. കൂടുതല്‍ ഏകദിനം കളിച്ച കിവീസ് വനിതാ താരവും സാറ്റെര്ത്വെയ്റ്റാണ്. 145 ഏകദിനങ്ങളില്‍ 38.33 ശരാശരിയില്‍ 4639 റണ്‍സും രാജ്യാന്തര ടി20യില്‍ 111 മത്സരങ്ങളില്‍ 21.49 ശരാശരിയില്‍ 1784 റണ്‍സും സ്വന്തമാക്കി. ഏകദിനത്തില്‍ ഏഴ് സെഞ്ചുറികളും 27 അര്‍ധ സെഞ്ചുറികളും അക്കൗണ്ടിലുണ്ട്.
ഇതിനൊപ്പം ഏകദിനത്തില്‍ 50 ഉം ടി20യില്‍ 26 ഉം വിക്കറ്റും പേരിലാക്കി. ടി20യില്‍ ന്യൂസിലന്‍ഡ് താരത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം സാറ്റെര്‍ത്വെയ്റ്റിന്റെ പേരിലാണ്. 2007ല്‍ ഇംഗ്ലണ്ടിനെതിരെ 17 റണ്‍സിന് ആറ് വിക്കറ്റ് സ്വന്തമാക്കുകയായിരുന്നു. ഏകദിനത്തില്‍ 4/13 മികച്ച ബൗളിംഗ് പ്രകടനം.
എന്നാല്‍ ബാറ്റിംഗിലാണ് ഏമി സാറ്റെര്ത്വെയ്റ്റ് കൂടുതല്‍ മികച്ചുനിന്നത്. 2016 ടി20 ലോകകപ്പില്‍ ടോപ് സ്കോററായി. 2016-17 സീസണിലായി തുടര്‍ച്ചയായി നാല് ഏകദിന സെഞ്ചുറികളുമായി റെക്കോര്‍ഡിട്ടു. ലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര മാത്രമാണ് ഈ നേട്ടത്തില്‍ എത്തിയ മറ്റൊരു താരം.
ദുഖമെന്ന് ഏമി സാറ്റെര്ത്വെയ്റ്റ്
‘ഒരു പരിധിവരെ സങ്കടത്തോടെയാണ് രാജ്യാന്തര ക്രിക്കറ്റിനോട് വിടപറയുന്നത്. യുവതാരങ്ങള്‍ക്ക് അവസരമൊരുക്കി പുതിയ പാത തുറക്കാനുള്ള ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം അറിഞ്ഞതിന് ശേഷമുള്ള കുറച്ച് ദിനങ്ങള്‍ കഠിനമായിരുന്നു. പുതിയ കരാര്‍ ലഭിക്കാത്തതില്‍ നിരാശയുണ്ട്. ഇനിയും ക്രിക്കറ്റ് കളിക്കാനാകും എന്നാണ് വിശ്വസിച്ചിരുന്നത്. എങ്കിലും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം അംഗീകരിക്കുന്നു. ടീമിന് എല്ലാവിധ ആശംസകളും നേരുന്നതായും’ ഏമി സാറ്റെര്ത്വെയ്റ്റ് വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.