EBM News Malayalam

കൂടത്തായി കൊലക്കേസില്‍ നിര്‍ണ്ണായക കണ്ടെത്തലുമായി അന്വേഷണ സംഘം

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസില്‍ മുഖപ്രതിയായ ജോളി ബന്ധുക്കളായ രണ്ട് കുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചുവെന്ന് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ പറഞ്ഞു. അടുത്ത കാലത്തായി പൊന്നാമറ്റം വീട്ടില്‍ തന്നെ രണ്ട് കുട്ടികളെയും കൂടാതെ സീപത്തുള്ള മറ്റൊരു വീട്ടിലും കൊലപാതക ശ്രമം നടത്തിയതായി എസ്.പി പറയുന്നു.

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി തഹസില്‍ദാരായ ജയശ്രീ, തന്റെ ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരിയുടെ പെണ്‍മക്കള്‍ എന്നിവരെയാണ് കൊല്ലാന്‍ ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു. റോയിയുടെ മരണം പ്രത്യേക എഫ്.ഐ.ആറാക്കി അന്വേഷിക്കാന്‍ തീരുമാനിച്ചതായി എസ്.പി അറിയിച്ചു.

റോയിയുടെ കേസിലാണ് ഇപ്പോള്‍ തെളിവുകള്‍ ലഭിച്ചിട്ടുള്ളത്. അതിനാലാണ് ഈ കേസ് പ്രത്യേകം എഫ്.ഐ.ആര്‍ ആക്കി അന്വേഷിക്കാന്‍ തീരുമാനം. ജോളിയെ നാളെ കസ്റ്റഡിയില്‍ വാങ്ങാനിരിക്കെ ഇന്ന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജോളിയെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ച സാഹചര്യത്തില്‍ ജോളിക്ക് മുഴുവന്‍ സമയ കാവലും ഏര്‍പ്പെടുത്തി. ജോളിയുടെ ഭര്‍ത്താവ് ഷാജു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും എസ്്.പി വ്യക്തമാക്കി.

Comments
Loading...