സ്കോഡ അടുത്തതായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനിരിക്കുന്ന മിഡ് സൈസ് എസ്യുവിയാണ് കാമിക്ക്. വാഹനം വിപണിയിൽ എത്തിക്കുന്നതിനു മുന്നോടിയായി ഇന്ത്യൻ നിരത്തിലെ പരീക്ഷണയോട്ടം നടത്തിവരികയാണ് കമ്പനി.
കാമിക്കിന്റെ ഏറ്റവും പുതിയ പരീക്ഷണ ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തുവന്നു. സ്കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ ‘ഇന്ത്യ 2.0′ പദ്ധതിയുടെ ഭാഗമായി എത്തുന്ന ആദ്യ വാഹനമാണിത്. മാത്രമല്ല വില കുറയ്ക്കുന്നതിന് അത് പ്രാദേശികവൽക്കരിക്കപ്പെടുകയും ചെയ്യും.
കമ്പനിയുടെ MQB-A0 പ്ലാറ്റ്ഫോമിലൊരുങ്ങുന്ന കോംപാക്ട് എസ്യുവിയാവും കാമിക്ക്. ഇത് കമ്പനിയുടെ ഏറ്റവും പുതിയ രൂപകൽപ്പനയും സാങ്കേതികവിദ്യയും അവതരിപ്പിക്കും. ഫോക്സ്വാഗണ് പരമ്പരയുമായിട്ടാവും കാമിക്ക് പ്ലാറ്റഫോം ഘടകങ്ങള് പങ്കുവയ്ക്കുന്നത്. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന 2020 ഓട്ടോ എക്സ്പോയിൽ വാഹനം അരങ്ങേറുമെന്നാണ് പ്രതീക്ഷ.
സ്കോഡ കാമിക്ക് ഇതിനകം വിദേശ വിപണികളിൽ ലഭ്യമാണ്. എങ്കിലും ഇന്ത്യൻ സവിശേഷതകളിലേക്ക് പരിഷ്ക്കരിച്ചായിരിക്കും വാഹനത്തെ അവതരിപ്പിക്കുക. എങ്കിലും മറ്റ് ആധുനിക സ്കോഡ ഉൽപ്പന്നങ്ങളുമായി പൊരുത്തപ്പെടുന്നതായിരിക്കും വാഹനത്തിന്റെ ഡിസൈൻ.
ഇന്റീരിയറുകൾ ഒരു വെർച്വൽ കോക്ക്പിറ്റ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 9.2 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റവും സ്കോഡ കാമിക്കിൽ ഇടംപിടിക്കും. വലിയ സ്കോഡ കൊഡിയാക് സെവൻ സീറ്റർ എസ്യുവിയെപ്പോലെ, ഡോർ-എഡ്ജ് പ്രൊട്ടക്റ്ററുകളും അംബർലാ ഹോൾഡറുകളും പോലുള്ള ചില ഉൾപ്പെടുത്തലുകളും വാഹനത്തിൽ ഉൾപ്പെടുത്തിയേക്കും.
യൂറോപ്യൻ വിപണികളിൽ, കാമിക്കിന് മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് ലഭിക്കുന്നത്. 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.6 ലിറ്റർ ഡീസൽ എന്നിവയാണ് ഓപ്ഷനുകൾ. എന്നാൽ ഇന്ത്യയിൽ വ്യത്യസ്തമായ യൂണിറ്റുകളായിരിക്കും അവതരിപ്പിക്കുക. താങ്ങാനാവുന്ന സ്കോഡ അല്ലെങ്കിൽ ഫോക്സ്വാഗണ് ഉൽപ്പന്നങ്ങളായ റാപ്പിഡ്, വെന്റോ എന്നിവയ്ക്ക് സമാനമായിരിക്കും ഇത്.
എൻട്രി ലെവൽ സ്കോഡ റാപ്പിഡ് സെഡാനിൽ 1.6 MPi പെട്രോൾ, 1.5 TD ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് യൂണിറ്റുമായി ജോടിയാക്കുന്നു.
1.6 MPi പെട്രോൾ വകഭേദം 104 bhp കരുത്തിൽ 153 Nm torque ഉത്പാദിപ്പിക്കുന്നു. 1.5 TD ഡീസൽ യൂണിറ്റ് 109 bhp പവറും 250 Nm torque ഉം സൃഷ്ടിക്കുന്നു. ഡീസൽ എഞ്ചിൻ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് DSG ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.
ഫ്രണ്ട് വീൽ ഡ്രൈവ് സ്കോഡ കാമിക്ക് ഈ എഞ്ചിൻ ഓപ്ഷനുകൾ മുന്നോട്ടുകൊണ്ടു പോവുകയാണെങ്കിൽ ഔട്ട്പുട്ടിൽ വ്യത്യാസം വന്നേക്കാം. 12 ലക്ഷം രൂപ മുതൽ 13 ലക്ഷം രൂപ വരെയാണ് വാഹനത്തിന് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.
ഇത് ഹ്യുണ്ടായി ക്രെറ്റ അല്ലെങ്കിൽ കിയ സെൽറ്റോസ് പോലുള്ള മോഡലുകൾക്ക് ബദലാകുന്നു. കൂടാതെ ടാറ്റ ഹാരിയർ, ജീപ്പ് കോമ്പസ് എന്നീ മോഡലുകൾക്കും എതിരാളിയാണ് സ്കോഡ കാമിക്ക് എസ്യുവി.