EBM News Malayalam

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണസാധ്യതയെന്നു കരസേന മുന്നറിയിപ്പ് നല്‍കി

ന്യൂഡല്‍ഹി: ഗുജറാത്ത് തീരത്തിനടുത്ത് അറബിക്കടലിലെ സിര്‍ ക്രീക്കില്‍ ഏതാനും ബോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിനു സാധ്യതയെന്നു കരസേന മുന്നറിയിപ്പ് നല്‍കി. ഉപേക്ഷിക്കപ്പെട്ട ബോട്ടുകള്‍ കണ്ടെത്തിയെന്നും ഭീകരര്‍ ദക്ഷിണേന്ത്യയെ ലക്ഷ്യമിട്ടേക്കാമെന്നും ഏതു സാഹചര്യവും നേരിടാന്‍ െസെന്യം സജ്ജമാണെന്നും കരസേനയുടെ ദക്ഷിണ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ എസ്.കെ. സെയ്നി അറിയിച്ചു.

തുടര്‍ന്ന് ഗുജറാത്ത് തീരം വഴി നുഴഞ്ഞുകയറ്റത്തിനുള്ള സാധ്യത കണക്കിലെടുത്ത് ആ മേഖലയിലെ തുറമുഖങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കി. കൂടാതെ ഓണാഘോഷത്തോടനുബന്ധിച്ച് തിരക്കുള്ള എല്ലായിടത്തും സവിശേഷ ശ്രദ്ധയുണ്ടാകണമെന്നു സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് ചീഫുമാര്‍ക്കു നിര്‍ദേശം നല്‍കി.

കടലിനടിയിലൂടെയെത്തി ആക്രമണം നടത്താന്‍ പാകിസ്താന്‍ കമാന്‍ഡോകളുടെ മേല്‍നോട്ടത്തില്‍ ചാവേര്‍ ഭീകരര്‍പദ്ധതിയിടുന്നതായി നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് പാകിസ്താനെ കൂടുതല്‍ പ്രകോപിപ്പിച്ചു. രാജ്യാന്തര പിന്തുണ നേടുന്നതില്‍ ദയനീയമായി പരാജയപ്പെട്ടതോടെയാണു തിരിച്ചടിക്കാന്‍ പാകിസ്താന്‍ ഭീകര സംഘടനകളെ കരുവാക്കുന്നത്. അതിനു കളമൊരുക്കാനായി ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ പാകിസ്താന്‍ ജയിലില്‍നിന്നു വിട്ടയച്ചതായാണു വിവരം.

Comments
Loading...