EBM News Malayalam

സ്റ്റോര്‍ പര്‍ച്ചേസ് വകുപ്പ് സെക്ഷന്‍ ഓഫീസര്‍ ജി.വി. പ്രമോദിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കൊല്ലം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ സ്ഥാപനങ്ങളില്‍ ഇന്‍സ്‌പെക്ഷന്‍ നടത്താന്‍ പോയതായി വ്യാജ ഉത്തരവുണ്ടാക്കി യാത്രാബത്ത ഇനത്തില്‍ 24,783 രൂപ പൊതുഭരണ വകുപ്പ് അക്കൗണ്ട്‌സ് വിഭാഗത്തില്‍ നിന്ന് കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ സി.പി.എം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നിര്‍വാഹകസമിതി അംഗവും സ്റ്റോര്‍ പര്‍ച്ചേസ് വകുപ്പ് സെക്ഷന്‍ ഓഫീസറുമായ ജി.വി. പ്രമോദിനെ പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ വാര്‍ഷികസമ്മേളനം ഈ മാസം 17 മുതല്‍ 19 വരെ നടക്കാനിരിക്കെ, സംഘടനയുടെ പ്രമുഖ നേതാവ് ഉണ്ടാക്കി വച്ചത് നേതൃത്വത്തിന് നാണക്കേടായി. മുഖ്യമന്ത്രിയുടെ വിശ്വസ്തനും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനുമാണ് പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ. സംഘടനാ നേതാക്കള്‍ ഒന്നടങ്കം ടൂര്‍ സീറ്റുകളായ പി ആന്‍ഡ് എ.ആര്‍.ഡി, സ്റ്റോര്‍ പര്‍ച്ചേസ്, ധനകാര്യ ഇന്‍സ്‌പെക്ഷന്‍ വിംഗ് എന്നിവിടങ്ങളിലിരിക്കുകയും നിരന്തരം മറ്റ് ജില്ലകളിലേക്ക് ഔദ്യോഗിക യാത്രയ്ക്കുള്ള ഉത്തരവിറക്കിയ ശേഷം യാത്ര നടത്താതെ ബത്ത വാങ്ങുകയുമാണെന്നാണ് ആക്ഷേപം.

സെക്രട്ടേറിയറ്റിലെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ എല്ലാ യാത്രാബില്ലുകളും പരിശോധിക്കാനും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടു. ലക്ഷക്കണക്കിന് രൂപ ഈ രീതിയില്‍ സര്‍ക്കാരില്‍ നിന്ന് ചോരുന്നു. സെക്രട്ടേറിയറ്റിലെ ജോലിഭാരവും ഇത്തരത്തിലുള്ള ക്രമക്കേടുകളും പരിശോധിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഒരു സമിതിയെ വച്ചെങ്കിലും സംഘടനാ നേതൃത്വത്തിന്റെ ഇടപെടല്‍ കാരണം പി ആന്‍ഡ് എ.ആര്‍.ഡി ജീവനക്കാര്‍ അതിനോട് സഹകരിക്കുന്നില്ലെന്നും അറിവുണ്ട്.

Comments
Loading...