EBM News Malayalam

ബിസിസിഐ യുടെ പുതിയ പ്രസിഡന്റായി സൗരവ് ഗാംഗുലി

മുംബൈ: ബിസിസിഐ യുടെ പുതിയ പ്രസിഡന്റായി ഇന്ത്യന്‍ ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ബംഗാള്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്ന ഗാംഗുലിയുടെ പേര് മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ യുടെ യോഗത്തില്‍ ഉയര്‍ന്ന് വന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകന്‍ ജെയ് ഷായാണ് ബിസിസിഐ സെക്രട്ടറി.

മുന്‍ പ്രസിഡന്റും ധനകാര്യ സഹമന്ത്രിയുമായ അനുരാഗ് ഠാക്കൂറിന്റെ സഹോദരന്‍ അരുണ്‍ ധുമലാണ് ട്രഷറര്‍. ശ്രീനിവാസന്റെ പിന്തുണയുള്ള മുന്‍ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേല്‍ ഇന്ത്യന്‍ ക്രിക്കറ്റ് സമിതി തലവനാകുമെന്ന് കരുതിയിരുന്നെങ്കിലും പൊതു സമ്മതന്‍ എന്ന നിലയില്‍ ഗാംഗുലിയുടെ പേര് അപ്രതീക്ഷിതമായി ഉയര്‍ന്ന് വരികയും എല്ലാവരും അംഗീകരിക്കുകയും ആയിരുന്നു.

ബംഗാളില്‍ നിന്നും ബിസിസിഐ തലപ്പത്തേക്ക് ഉയരുന്ന രണ്ടാമനാണ് സൗരവ് ഗാംഗുലി. നേരത്തേ ജഗ്മോഹന്‍ ഡാല്‍മിയ ബിസിസിഐ പ്രസിഡന്റായിരുന്നു. ബ്രിജേഷ് പട്ടേല്‍ ഐപിഎല്‍ ചെയര്‍മാനായേക്കുമെന്നാണ് അറിവ്.

Comments
Loading...