EBM News Malayalam

ഗുരുജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി സി.രവീന്ദ്രനാഥ്.

തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ ഗുരുജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി സി.രവീന്ദ്രനാഥ്. നവോത്ഥാനത്തെ പല വിധത്തില്‍ വിശേഷിപ്പിക്കാം. അധമത്തില്‍ നിന്ന് ഉത്തമാവസ്ഥയിലേക്കും തമസില്‍ നിന്ന് പ്രകാശത്തിലേക്കുമുള്ള മാറ്റങ്ങളെ നവോത്ഥാനമെന്ന് പറയാം.ഒരു വൈജ്ഞാനിക അന്വേഷണത്തിന് വഴിയൊരുക്കുന്ന ധാരയാണ് നവോത്ഥാനം.ഗുരുദേവന്‍ നേതൃത്വം നല്‍കിയ നവോത്ഥാനം കേരളത്തില്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയത്.

ജാതി ചിന്തകളും അന്ധവിശ്വാസവും ഇല്ലാതായി.സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിലും അതിന്റെ പ്രതിഫലനമുണ്ടായി. മതനിരേപക്ഷതയിലേക്ക് കേരളത്തെ എത്തിച്ചത് ആ നവോത്ഥാനമാണ്- മന്ത്രി പറഞ്ഞു. ഏതു കാലഘട്ടത്തിലും സമൂഹമനഃസാക്ഷിയെ ഉണര്‍ത്തുവാനും ഉയര്‍ത്തുവാനും കഴിയുന്ന വിശ്വദര്‍ശനമാണ് ശ്രീനാരായണ ഗുരുവിന്റേതെന്നും മഹത്തായ ആ ദര്‍ശനമാണ് കേരളീയ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് സമൂഹത്തിലുണ്ടായിട്ടുള്ള വേദനിപ്പിക്കുന്ന മാറ്റങ്ങള്‍ക്ക് പ്രധാന കാരണം എല്ലാ നന്മകളെയും തകര്‍ക്കുന്ന കമ്പോള സമ്പ്രദായമാണ്.കമ്പോളത്തെ തകര്‍ക്കുന്ന മറ്റൊരു നവോത്ഥാനത്തിന് വഴിയൊരുക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍. കമ്പോളത്തിന്റെ സാദ്ധ്യതകളെ ഒപ്പിയെടുത്ത് , മാനവികതയെ വികസിപ്പിക്കുന്ന നവോത്ഥാനം വരണം. ഗുരുദര്‍ശനം എങ്ങനെ വര്‍ത്തമാന കാലത്ത് പ്രായോഗികമാക്കണമെന്ന് തിരിച്ചറിയണം. വിദ്യാഭ്യാസ മേഖലയിലടക്കം കേരളം കാട്ടിക്കൊടുക്കുന്നത് അതാണെന്നും രവീന്ദ്രനാഥ് ചൂണ്ടിക്കാട്ടി.

ശ്രീനാരായണഗുരുവിന്റെ പ്രസക്തി കാലാതീതമായി വര്‍ദ്ധിക്കുന്ന കാലമാണ് ഇതെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മതത്തിന്റെ വേര്‍തിരിവു കൊണ്ട് മനുഷ്യനെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എഴുതിവയ്ക്കാന്‍ വേണ്ടി മാത്രം പറഞ്ഞതല്ല ഗുരുവിന്റെ സന്ദേശങ്ങള്‍.യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കാനുള്ളതാണ് അത്. ഗുരുവിന്റെ ചിന്തകളും ദര്‍ശനവും യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്.

1500 പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള ആധുനിക അമിനിറ്റി സെന്റര്‍ അടുത്ത ഗുരുദേവ ജയന്തിക്കു മുമ്പ് ചെമ്പഴന്തി ഗുരുകുലത്തില്‍ സജ്ജമാവുമെന്നും കടകംപള്ളി അറിയിച്ചു.പ്രകൃതിയോടുള്ള മനുഷ്യന്റെ ക്രൂരതകളുടെ ഫലമാണ് പ്രളയം പോലുള്ള ദുരന്തങ്ങളെന്ന് ജയന്തിസന്ദേശം നല്‍കിയ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു.

Comments
Loading...