EBM News Malayalam

രാമക്ഷേത്ര നിര്‍മാണത്തിന് നാളെ തുടക്കം; അയോധ്യയില്‍ കനത്ത സുരക്ഷ

അയോധ്യ രാമജന്മഭൂമിയിലെ പുതിയ ക്ഷേത്രത്തിന്റെ ഭൂമിപൂജ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിർവഹിക്കും. ആഘോഷങ്ങൾക്ക് തുടക്കമായി അയോധ്യ നഗരം ഇന്ന് ദീപാലംകൃതമാകും. കനത്ത സുരക്ഷാവലയത്തിൽ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടക്കുന്നത്.

എല്ലാ വഴികളും അയോധ്യയിലേയ്ക്ക്. എല്ലാ കണ്ണുകളും സരയൂ നദിക്കരയിലേയ്ക്ക്. തിങ്കളാഴ്ച്ച രാവിലെ ഗൗരി ഗണേശ പൂജയോടെ ചടങ്ങുകൾ ആരംഭിച്ചു. നാളെ ഉച്ചയ്ക്ക് 12.30 നും 12.40 നും ഇടയ്ക്കുള്ള 40 കിലോ വെളളി ശില പാകി ക്ഷേത്ര നിർമാണത്തിന് തുടക്കമിടും. വേദിയിൽ പ്രധാനമന്ത്രിയെക്കൂടാതെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുഹൂർത്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, രാമജന്മഭൂമി ന്യാസ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസ് എന്നിവരുമുണ്ടാകും. ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ കെ അഡ്വാനിയും മുരളി മനോഹർ ജോഷിയും വീഡിയോ കോൺഫറൻസ് വഴി ചടങ്ങിന്റെ ഭാഗമാകും. 175 പേർക്കാണ് ക്ഷണമുള്ളത്.

2,000 പുണ്യസ്ഥലങ്ങളിൽ നിന്നും മണ്ണും 1,500  ഇടങ്ങളിൽ നിന്ന് വെള്ളവും ഭൂമി പൂജയ്ക്കായി എത്തിച്ചിട്ടുണ്ട്. അജ്ഞാത മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾ നടത്തുന്ന മുഹമ്മദ് യൂനുസിനെയും അയോധ്യകേസിൽ മുസ്ലിം വിഭാഗത്തിൽ നിന്നും കക്ഷി ചേർന്ന ഇഖ്ബാൽ അൻസാരിയെയും ഭൂമി പൂജയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ചടങ്ങിന് ശേഷം അഭിസംബോധന ചെയ്യും.

Comments are closed.