EBM News Malayalam

എറണാകുളം ജില്ലയില്‍ മുന്നൂറിലധികം പേര്‍ നിരീക്ഷണ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് കണ്ടെത്തി ; പൊലീസ് നടപടികള്‍ ശക്തമാക്കി

കൊച്ചി: എറണാകുളം ജില്ലയില്‍ മുന്നൂറിലധികം പേര്‍ നിരീക്ഷണ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസ് നടപടികള്‍ ശക്തമാക്കി. അഞ്ച് തവണയിലേറെ വീടുകളില്‍ നിന്ന് പുറത്തുപോയവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 18 പേരെ നിര്‍ബന്ധിത നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ മടങ്ങി വന്നവരുടെ വീടുകള്‍ക്ക് സമീപം ഇനി മുതല്‍ രഹസ്യ നിരീക്ഷണവും ഉണ്ടാകും.

എന്നാല്‍ ക്വാറന്റീനിലുള്ളവരെ നിരീക്ഷിക്കാന്‍ കൊച്ചി പൊലീസ് തയാറാക്കിയ ആപ്പിനെതിരെ പരാതികള്‍ വ്യാപകമാണ്. സിസിടിവി, ഡ്രോണുകള്‍, ഇന്റലിജന്‍സ് സംവിധാനങ്ങള്‍ എന്നിവയും ഇതിനായി ഉപയോഗിക്കും. 150 പൊലീസുകാരടങ്ങുന്ന ബൈക്ക് സ്‌ക്വാഡും സജ്ജമാണ്. കൂടാതെ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിച്ചു നല്‍കുന്നതിനുള്ള സഹായവും പൊലീസ് തന്നെ ഏര്‍പ്പാട് ചെയ്യുന്നുണ്ട്.

ക്വാറന്റീനിലുള്ളവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ കൊച്ചി പൊലീസ് തയാറാക്കിയ കൊവിഡ് 19 സേഫ്റ്റി എന്ന ആപ്പിനെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നു. വീട്ടില്‍ നിന്നും പുറത്തിറങ്ങിയില്ലെങ്കില്‍പ്പോലും, ജിപിഎസ് സിഗ്‌നല്‍ റീഡ് ചെയ്യുന്നതിലെ പിഴവ് കാരണം, തെറ്റായ വിവരം കാണിക്കുന്നുവെന്നാണ് പരാതി. അതേസമയം ആപ്പില്‍ നിന്നുള്ള വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തിലല്ല, മറ്റ് നിരീക്ഷണ സംവിധാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതടക്കം നടപടികളെടുക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

Comments are closed.