EBM News Malayalam

മന്ത്രിയും സംഘവും കയറിയ തോണി അപകടത്തില്‍ നിന്നും രക്ഷപെട്ടു

തൃശൂര്‍: തൃശൂര്‍ അരിമ്പൂര്‍ ചാലാടി പഴംകോള്‍പ്പാടത്ത് മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ട് പരിശോധിക്കാനെത്തിയ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറും സംഘവും സഞ്ചരിച്ച തോണിയാണ് അപകടത്തില്‍ നിന്നും രക്ഷപെട്ടത്. മന്ത്രിയും സംഘവും ഉച്ചയ്ക്ക് ഒന്നരയോടെയാണ് തോണിയില്‍ കയറിയത്. തിരിച്ച് മടങ്ങുമ്പോഴായിരുന്നു കാറ്റ് വീശിയത്. പാടത്ത് ആഴത്തില്‍ വെള്ളമുണ്ടായിരുന്നു.

കാറ്റുവീശിയതോടെ തോണി തിരികെ വിളിച്ച് ചെറുവള്ളം കൂട്ടിയിണക്കി കെട്ടി മറിയാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് കാറ്റു ശക്തിയായി വീശിയപ്പോള്‍ ചെറുവള്ളങ്ങള്‍ അകലാനും മന്ത്രിയുടെ തോണിയില്‍ വെള്ളം കയറാനും തുടങ്ങി. ഇതോടെ ഭയന്ന എല്ലാവരും കൂടി വള്ളത്തിലെ വെള്ളം തേവിക്കളഞ്ഞു. അരിമ്പൂരിലെ ഒളംതല്ലിപ്പാറയിലാണ് തോണി എത്തേണ്ടത്.

മന്ത്രിക്കൊപ്പം ഉദ്യോഗസ്ഥരും രണ്ട് തുഴക്കാരും അടക്കം 14 പേരാണ് തോണിയിലുണ്ടായിരുന്നത്. ഇതിനിടയില്‍ ഉദ്യോഗസ്ഥര്‍ കാണിച്ച ഒരു കബളിപ്പിക്കലും മന്ത്രി കൈയ്യോടെ പിടികൂടി. ഏനമാവ് റെഗുലേറ്ററിന്റെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തിയെന്നായിരുന്നു മന്ത്രിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഇത് തെറ്റാണെന്ന് മനസ്സിലാക്കിയതോടെ എല്ലാ ഷട്ടറുകളും തുറക്കാന്‍ പറയുകയായിരുന്നു.

Comments
Loading...