EBM News Malayalam

സ്‌കര്‍ദു എയര്‍ ബേസില്‍ പാകിസ്ഥാന്‍ വിമാനങ്ങള്‍ കാണപ്പെട്ടു

ശ്രീനഗര്‍: ഇന്ത്യന്‍ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനോട് ചേര്‍ന്നുള്ള സ്‌കര്‍ദു എയര്‍ ബേസിലാണ് പാകിസ്ഥാന്‍ വിമാനങ്ങള്‍ കാണപ്പെട്ടത്. എന്നാല്‍ പാകിസ്ഥാന്റെ നീക്കങ്ങളും അതിര്‍ത്തിയില്‍ വിമാനം വിന്യസിച്ചതും കൃത്യമായി നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യ പറഞ്ഞു. സി-130 എന്ന് പേരുള്ള മൂന്ന് ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളാണ് ഇവിടെ കണ്ടെത്തിയത്.

പോര്‍വിമാനങ്ങള്‍ക്ക് ആവശ്യമായ പടക്കോപ്പുകള്‍ കൊണ്ടുപോകുന്ന തരത്തിലുള്ള വിമാനങ്ങളാണിത്. താമസിയാതെ തന്നെ പാകിസ്ഥാന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങളായ ജെ.എഫ്-17 ഫൈറ്റര്‍ വിമാനങ്ങള്‍ ഇവിടേക്ക് എത്തിച്ചേരുമെന്നാണ് അറിവ്. ഇതിനോടകം ഏതാനും ഉപകരണങ്ങള്‍ പാകിസ്ഥാന്‍ ഈ എയര്‍ ബേസില്‍ ഇറക്കിയിട്ടുമുണ്ട്. മുന്‍പും യുദ്ധസമാനമായ സാഹചര്യം ഉണ്ടായിരുന്നപ്പോള്‍ ഇതേ വ്യോമത്താവളത്തില്‍ പാകിസ്ഥാന്‍ സൈന്യത്തെ വിന്യസിച്ചിരുന്നു.

ഇതിന്റെ തുടര്‍ച്ചയാണ് അതിര്‍ത്തിയിലെ ഇപ്പോഴത്തെ ഈ സേനാ വിന്യാസം എന്നാണ് ഇന്ത്യ കരുതുന്നത്. അതിര്‍ത്തിയിലെ പാകിസ്ഥാന്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ പാകിസ്ഥാന്‍ എതിര്‍ത്തിരുന്നു. എന്നാല്‍ തങ്ങളുടെ പടക്കോപ്പുകളും വിമാനങ്ങളും വച്ച് പാകിസ്ഥാന്‍ ഒരു വ്യോമാഭ്യാസത്തിന് ഒരുങ്ങുന്നുണ്ടെന്നും അതിന്റെ ഒരുക്കം മാത്രമാണിതെന്നും പറയപ്പെടുന്നുണ്ട്.

Comments
Loading...