EBM News Malayalam

മൂന്നാം തവണയും ആണവയുദ്ധ മുന്നറിയിപ്പുമായി ഇമ്രാന്‍ ഖാന്‍

ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്ന് യാതൊരു പ്രകോപനവും ഇല്ലാതെ പാകിസ്ഥാന്‍ ഈ വര്‍ഷം 2050 തവണ അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചെന്നും അതില്‍ 21 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടെന്നും ഇന്ത്യ പറഞ്ഞു. 2003ലെ വെടിനിറുത്തല്‍ കരാര്‍ പാലിച്ച് അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും സമാധാനവും ശാന്തിയും നിലനിറുത്തണെന്നും അതിര്‍ത്തിയിലെ ജനങ്ങളെ ഉന്നമിടുന്നത് പാക് സൈന്യം അവസാനിപ്പിക്കണമെന്നും ഇന്ത്യ അറിയിച്ചു.

എന്നാല്‍ യുദ്ധത്തില്‍ തോല്‍ക്കുന്ന ഘട്ടം വന്നാല്‍ പാകിസ്ഥാന്‍ ആണവായുധം പ്രയോഗിച്ചേക്കാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അതിനായി മൂന്നാം തവണയാണ് ഇമ്രാന്‍ ആണവയുദ്ധത്തെ പറ്റി മുന്നറിയിപ്പ് നല്‍കുന്നത്. ജന്ദ്രോത്ത് സെക്ടറുകളില്‍ ശനിയാഴ്ച ഇന്ത്യന്‍ സേന വെടിനിറുത്തല്‍ ലംഘിച്ചെന്ന് ആരോപിച്ച് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പാകിസ്ഥാന്‍ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.

അതിന് പിന്നാലെയാണ് ഇന്ത്യന്‍ വിദേശമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പാകിസ്ഥാന്റെ വെടിനിറുത്തല്‍ ലംഘനങ്ങളുടെ കണക്ക് നിരത്തിയത്.അതിര്‍ത്തിയിലെ പാക് സൈന്യത്തിന്റെ പ്രകോപനങ്ങളോട് ഇന്ത്യ സംയമനം പാലിക്കുകയാണെന്നും ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ പാക് സൈന്യം സഹായം ചെയ്യുകയാണെന്നും രവീഷ് കുമാര്‍ അറിയിച്ചു.

Comments
Loading...