EBM News Malayalam

നെല്‍കൃഷി ചെയ്യുന്ന ഭൂഉടമകള്‍ക്ക് റോയല്‍റ്റി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : നെല്‍ കൃഷി ചെയ്യാവുന്ന നെല്‍വയലുകള്‍ രൂപമാറ്റം വരുത്താതെ കൃഷിക്ക് തയ്യാറാക്കുന്ന ഉടമകള്‍ക്ക് ഓരോ വര്‍ഷവും ഹെക്ടറിന് 2000 രൂപ നിരക്കില്‍ സംസ്ഥാന സര്‍ക്കാര്‍ റോയല്‍റ്റി നല്‍കും. നെല്‍വയലുകളുടെ അടിസ്ഥാന സ്വഭാവവ്യതിയാനം വരുത്താതെ പയര്‍ വര്‍ഗങ്ങള്‍,പച്ചക്കറികള്‍ ,എള്ള് ,നിലക്കടല തുടങ്ങിയ ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യുന്ന നിലം ഉടമകള്‍ക്കും റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കും.

ഗുണഭോക്താക്കളുടെ അക്കൌണ്ടില്‍ നേരിട്ടായിരിക്കും തുക എത്തിക്കുന്നത്. ഭൂവുടമകള്‍ സ്വന്തമായോ, മറ്റു കര്‍ഷകര്‍, ഏജന്‍സികള്‍ മുഖേനയോ നെല്‍കൃഷിക്കായി ഭൂമി ഉപയോഗപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ റോയല്‍റ്റി അനുവദിക്കും. എന്നാല്‍ ഭൂമി മൂന്നുവര്‍ഷം തുടര്‍ച്ചയായി തരിശായി കിടന്നാല്‍ പിന്നീട് റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടാകില്ല.വീണ്ടും കൃഷി ആരംഭിക്കുന്ന മുറയ്ക്ക് റോയല്‍റ്റി കിട്ടും. സംസ്ഥാനത്ത് 2.05 ലക്ഷം ഹെക്ടറിലാണു നിലവില്‍ നെല്‍ക്കൃഷി.

2020-’21 ബജറ്റില്‍ നെല്‍ക്കൃഷി വികസനത്തിനു 118.24 കോടി രൂപ വകയിരുത്തിയ പ്രകാരമാണു പദ്ധതി.ല സെപ്തംബര്‍ 11 മുതല്‍ ഇതിന് അപേക്ഷിക്കാം. www.aims.kerala.gov.in പോര്‍ട്ടലിലൂടെ സ്വന്തമായോ അക്ഷയകേന്ദ്രം വഴിയോ അപേക്ഷിക്കാം. കരമടച്ച രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ അല്ലെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സോ പാന്‍ കാര്‍ഡോ പോലെ മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖ, ബാങ്ക് ശാഖയുടെ പേരും അക്കൗണ്ട് നമ്പറും ഐഎഫ്എസ് കോഡും മറ്റും ഉള്‍പ്പെടുന്ന ബാങ്ക് പാസ്ബുക്കിന്റെ പേജ്, കാന്‍സല്‍ ചെയ്ത ചെക്ക് ലീഫ് എന്നിവയും അപ്ലോഡ് ചെയ്യേണ്ടതാണ്.

Comments are closed.