ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ് ; മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജന്‍ ഏകത ജന്‍ അധികാര്‍ ആന്ദോളന് പ്രഖ്യാപിച്ച മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കുന്നതിന് ഗാന്ധി സമാധിസ്ഥലമായ രാജ്ഘട്ടിലേക്ക് ജാമിയ മിലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥികള്‍ മാര്ച്ചുനടത്തുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുവാവ് വെടിയുതിര്‍ത്തു. രാംഭക്ത് എന്ന് സ്വയം വിശേഷിപ്പിച്ച ഉത്തര്‍പ്രദേശിലെ ജേവാര്‍ സ്വദേശി ഗോപാല്‍ ശര്‍മയാണ് വെടി വെച്ചത്. തുടര്‍ന്ന് ആക്രമണത്തില്‍ മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥി ഷദാബ് ഫാറൂഖിന് പരിക്കേറ്റിരുന്നു.
ഉച്ചയ്ക്ക് ഒന്നരയോടെ ക്യാമ്പസിന് പുറത്ത് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിനുനേരെ ജയ്ശ്രീറാം മുദ്രാവാക്യം മുഴക്കിയെത്തിയ ഗോപാല്‍ ശര്‍മ പ്രകടനത്തിന്റെ മുന്നിലെത്തി ‘ആര്‍ക്കാണ് സ്വാതന്ത്ര്യം വേണ്ടത്’ എന്ന് ആക്രോശിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കുനേരെ തോക്കുചൂണ്ടി. പിന്നീട്, പൊലീസ് നോക്കിനില്‍ക്കെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം ‘ഡല്‍ഹി പൊലീസ് വിജയിക്കട്ടെ’ എന്ന് മുദ്രാവാക്യം മുഴക്കി പൊലീസിനടുത്തേക്ക് എത്തി.
പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും രാത്രി വൈകിയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം. അതേസമയം ഇടത് കൈയില്‍ വെടിയേറ്റ ഷദാബിനെ ആദ്യം ഹോളിഫാമിലി ആശുപത്രിയിലും തുടര്‍ന്ന് എയിംസിലും പ്രവേശിപ്പിച്ചു. മാര്‍ച്ചിനെ പ്രതിരോധിക്കാന്‍ റോഡ് തടഞ്ഞ് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചതിനാല്‍ ഇതിന് മുകളില്‍ കയറ്റി പുറത്തെത്തിച്ചാണ് ഷദാബിനെ ആശുപത്രിയിലെത്തിക്കാനായത്.