Ultimate magazine theme for WordPress.

ശബരിമല സ്ത്രീപ്രവേശനം : ഒന്‍പതംഗ ബെഞ്ച് ഫെബ്രുവരി 3 ന് സിറ്റിംഗ് നടത്താന്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ഉത്തരവിട്ടു

ന്യൂഡല്‍ഹി : ശബരിമല സ്ത്രീപ്രവേശന കേസില്‍ വിശാല ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങളില്‍ സമവായമുണ്ടാക്കാന്‍ തങ്ങള്‍ക്കായില്ലെന്ന് സീനിയര്‍ അഭിഭാഷകര്‍ അറിയിച്ചതിനെ തുടര്‍ന്ന് മതസ്വാതന്ത്ര്യവും സ്ത്രീകളുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുന്നതിനുള്ള സമയക്രമവും പരിഗണനാവിഷയങ്ങളും മറ്റ് മാനദണ്ഡങ്ങളും തീരുമാനിക്കാന്‍ ഒന്‍പതംഗ ബെഞ്ച് ഫെബ്രുവരി 3 ന് സിറ്റിംഗ് നടത്താന്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ഉത്തരവിട്ടു.

കൂടാതെ നേരത്തേ നിര്‍ദ്ദേശിച്ച ഏഴ് വിഷയങ്ങള്‍ അടക്കം വിശാലബെഞ്ച് പരിഗണിക്കേണ്ട കാര്യങ്ങള്‍ ഫെബ്രുവരി 3ന് നിശ്ചയിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജനുവരി 13ന് ഒമ്പതംഗ ബെഞ്ച് ചേര്‍ന്നപ്പോഴാണ് പരിഗണനാ വിഷയങ്ങള്‍ അന്തിമമായി തീരുമാനിക്കാന്‍ ജനുവരി 17ന് സമ്മേളിക്കാന്‍ സുപ്രീം കോടതി അഭിഭാഷകരെ ചുമതലപ്പെടുത്തിയത്.

മൂന്നാഴ്ചയ്ക്ക് ശേഷം വാദം നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് തവണ യോഗം ചേര്‍ന്നെങ്കിലും തീരുമാനമെടുക്കാന്‍ അഭിഭാഷകര്‍ക്ക് കഴിഞ്ഞില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ച പശ്ചാത്തലത്തിലാണ് കോടതി നേരിട്ട് വിഷയങ്ങള്‍ പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചത്.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, സീനിയര്‍ അഭിഭാഷകരായ അഭിഷേക് മനു സിംഗ്വി, ഇന്ദിര ജയ്സിംഗ് തുടങ്ങിയ സീനിയര്‍ അഭിഭാഷകരുമായി ചര്‍ച്ച ചെയ്ത് പരിഗണനാ വിഷയങ്ങളുടെ കരടിന് സീനിയര്‍ അഭിഭാഷകന്‍ വി.ഗിരി രൂപം നല്‍കിയിരുന്നു. ഉപചോദ്യങ്ങള്‍ ഉള്‍പ്പെടെ 17 ചോദ്യങ്ങളും തയ്യാറാക്കിയിരുന്നു. എന്നാല്‍ ശബരിമല വിഷയത്തിന് പുറമേ പാഴ്‌സി, ബൊറ മുസ്ലീം വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതില്‍ സമയവായത്തിലെത്താന്‍ യോഗത്തിന് കഴിഞ്ഞിരുന്നില്ല.

Comments are closed.