Ultimate magazine theme for WordPress.

സംസ്ഥാന സര്‍ക്കാര്‍ കേസ് കൊടുക്കുമ്പോള്‍ ഗവര്‍ണറെ അറിയിക്കണമെന്നത് ഭരണഘടനാ ബാദ്ധ്യതയല്ലെന്നും മര്യാദ മാത്രമാണെന്നും പി. സദാശിവം

ചെന്നൈ: പൗരത്വഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് തന്നെ അറിയിക്കാത്തത് ഭരണഘടനാ ലംഘനമാണെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആക്ഷേപത്തെത്തുടര്‍ന്ന് കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കേസ് കൊടുക്കുമ്പോള്‍ ഗവര്‍ണറെ അറിയിക്കണമെന്നത് ഭരണഘടനാ ബാദ്ധ്യതയല്ലെന്നും മര്യാദ മാത്രമാണെന്നും മുന്‍ കേരള ഗവര്‍ണറും സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസുമായ പി. സദാശിവം വ്യക്തമാക്കി.

ഭരണഘടന പ്രകാരം സംസ്ഥാനത്തിന്റെ തലവനെന്ന നിലയില്‍ സുപ്രധാന വിഷയങ്ങള്‍, പ്രത്യേകിച്ച് നിയമനിര്‍മ്മാണ കാര്യങ്ങള്‍ ഗവര്‍ണറെ അറിയിക്കാം. എന്നാല്‍ അതൊരു ഭരണഘടനാ ബാദ്ധ്യതയല്ല. സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങള്‍ ഗവര്‍ണറെ അറിയിക്കണമെന്നില്ല. കേന്ദ്രത്തിനെതിരെ കോടതിയെ സമീപിക്കുമ്പോള്‍ അനുവാദം വാങ്ങേണ്ടതില്ല.

മര്യാദയുടെ ഭാഗമായി വിവരങ്ങള്‍ അറിയിക്കാറുണ്ട്. സംസ്ഥാന നിയമസഭയ്ക്ക് ഏത് നിയമത്തിനെതിരെയും അഭിപ്രായം രേഖപ്പെടുത്താനുള്ള അവകാശമുണ്ട്. അതിനകത്ത് ഭരണഘടനാവിരുദ്ധ നടപടിയുള്ളതായി തോന്നുന്നില്ല. മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ ഗവര്‍ണറെ കണ്ട് എന്തുകൊണ്ടാണ് കോടതിയെ സമീപിക്കുന്നതെന്ന് വിശദീകരിക്കണം. എല്ലാ പ്രധാന വിഷയങ്ങളിലും ഇതു ബാധകമാണ്. നേരിട്ട് സുപ്രീംകോടതിയില്‍ പോയതിലെ ശരി തെറ്റുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് സുപ്രീംകോടതിയാണ്.

അതിനാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അടിക്കടി വാര്‍ത്താ സമ്മേളനം നടത്തുന്നത് അദ്ഭുതമായി തോന്നുന്നുവെന്ന് ജസ്റ്റിസ് പി.സദാശിവം പ്രതികരിച്ചു. ‘ഞാന്‍ അധികാരത്തിലിരുന്ന അഞ്ചു വര്‍ഷവും മാദ്ധ്യമങ്ങളെ കണ്ടില്ല. അറിയിക്കേണ്ട എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ പത്രക്കുറിപ്പ് ഇറക്കും. മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ ചോദിക്കണമെങ്കില്‍ നേരിട്ട് ചോദിക്കും. മാദ്ധ്യമങ്ങളിലൂടെ ചോദിക്കില്ല. കേരളത്തില്‍ കോണ്‍ഗ്രസ്, സി.പി.എം സര്‍ക്കാരുകളുടെ കാലയളവില്‍ ഗവര്‍ണറായി ചുമതല വഹിച്ചു. രണ്ടു സര്‍ക്കാരുകളോടും എനിക്ക് നല്ല ബന്ധമായിരുന്നു.’- അദ്ദേഹം വ്യക്തമാക്കി.

Comments are closed.