EBM News Malayalam
Leading Newsportal in Malayalam

ശബരിമല കേസില്‍ വാദത്തിന് 23 ദിവസം വേണമെന്ന് അഭിഭാഷകര്‍

ന്യൂഡല്‍ഹി: ശബരിമല ഉള്‍പ്പെടെയുള്ള കേസുകള്‍ വിശാല ബെഞ്ചിലേക്ക് കൈമാറിയ ഏഴ് ഭരണഘടനാ പ്രശ്നങ്ങള്‍ സംബന്ധിച്ച് അഭിഭാഷകര്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് പരിഗണനാ വിഷയങ്ങളായി ഉള്‍പ്പെടുത്തേണ്ടവ സംബന്ധിച്ച നിര്‍ദേശങ്ങള്‍ അഭിഭാഷകര്‍ നല്‍കുകയും ഇത് ക്രോഡീകരിച്ച് കോടതിക്ക് സമര്‍പ്പിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരിയെ യോഗം ചുമതലപ്പെടുത്തുകയായിരുന്നു. യോഗ തീരുമാനങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കും.

ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഒന്‍പതംഗബെഞ്ച് എടുക്കും. അതിനുശേഷം വാദത്തിലേക്ക് കടക്കും. അതേസമയം മതാചാരങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന നിയമപ്രശ്‌നങ്ങളില്‍ വാദത്തിന് 23 ദിവസം വേണമെന്ന് ഒന്‍പതംഗ ഭരണഘടനാബെഞ്ചിനോട് ആവശ്യപ്പെടാന്‍ അഭിഭാഷകര്‍ തീരുമാനിച്ചതായാണ് വിവരം. അതിനാല്‍ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദങ്ങള്‍ക്ക് 10 ദിവസം വീതവും മറുവാദത്തിന് മൂന്നു ദിവസവും ആയിരിക്കും അനുവദിക്കുന്നത്.