തീരദേശ പരിപാലന നിയമം : ആലപ്പുഴ കാപിക്കോ റിസോര്‍ട്ട് പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവ്
ന്യുഡല്‍ഹി: തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ നാലു ഫ്ളാറ്റുകള്‍ നാളെ പൊളിക്കാനിരിക്കേ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ആലപ്പുഴ കാപിക്കോ റിസോര്‍ട്ട് പൊളിക്കാനായി സുപ്രീം കോടതി ഉത്തരവിട്ടു. എന്നാല്‍ റിസോര്‍ട്ട് മാനേജ്മെന്റ് നല്കിയ സ്പെഷ്യല്‍ ലീവ് പെറ്റീഷന് തള്ളിക്കൊണ്ട് ജസ്റ്റീസ് റോഹിങ്ടണ്‍ ഫാലി നരിമാന്, ജസ്റ്റീസ് വി.രാമസുബ്രഹ്മണ്യം എന്നിവരുടെ ബെഞ്ചിന്റെതാണ് ഉത്തരവ്.
എന്നാല്‍ എന്നത്തേക്കാണ് റിസോര്‍ട്ട് പൊളിക്കേണ്ടതെന്ന് വ്യക്തത വന്നിട്ടില്ല. ജസ്റ്റീസ് കെ.എസ് രാധാകൃഷ്ണന് സുപ്രീം കോടതി ജഡ്ജിയായിരുന്ന കാലത്ത് വേമ്പനാട്ട് കായലിലെ കയ്യേറ്റങ്ങളില്‍ സ്വമേധയാ കേസെടുത്തിരുന്നു. വനം പരിസ്ഥിതി മന്ത്രാലയത്തോട് കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. ആ റിപ്പോര്‍ട്ടിലാണ് കാപികോ, വാമികോ റിസോര്‍ട്ടുകളിലെ അനധികൃത നിര്‍മ്മാണത്തെ കുറിച്ച് മാത്രമല്ല, ആലപ്പു എറണാകുളം എന്നീ ജില്ലകളിലെ 18 അനധികൃത നിര്‍മ്മാണങ്ങളെ കുറിച്ച് പരാമര്‍ശിച്ചിരുന്നത്. 2013ലാണ് റിസോര്‍ട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ഇതോടൊപ്പമുണ്ടായിരുന്ന വാമികോ റിസോര്‍ട്ടും ചട്ടം ലംഘിച്ചാണ് നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയതോടെ രണ്ടു റിസോര്‍ട്ടുകളും പൊളിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. വാമികോ റിസോര്‍ട്ട് പൊളിച്ചുനീക്കിയെങ്കിലും കാപിക്കോ സുപ്രീം കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. എന്നാല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്വേഷണത്തില്‍ ചട്ടം ലംഘിച്ചതായി മനസിലാക്കിയിരുന്നു.
വേമ്പനാട്ട് കായല്‍ തീരത്തുനിന്നും ഒരു മീറ്റര്‍ പോലും അകലം പാലിക്കാതെ നിര്‍മ്മിച്ച റിസോര്‍ട്ടിനായി സര്‍ക്കാരിന്റെ പുറമ്പോക്ക് ഭൂമിയും കയ്യേറി നികത്തിയതായി കണ്ടെത്തിയിരുന്നു. വേമ്പനാട്ട് കാലയല്‍ അതി പരിസ്ഥിതി ദുര്‍ബല മേഖല തീരദേശ മേഖലയാണെന്ന് 2011ലെ വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് 2018ല്‍ റിസോര്‍ട്ട് പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.