EBM News Malayalam
Leading Newsportal in Malayalam

മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ 10 മണിക്കൂറിന് ശേഷം ഇന്നലെ പൊലീസ് വിട്ടയച്ചു

ന്യൂഡല്‍ഹി: മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ 10 മണിക്കൂറിന് ശേഷം ഇന്നലെ പൊലീസ് വിട്ടയച്ചു. യു.പി സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ച് അലിഗഡ് മുസ്‌ളിം സര്‍വകലാശാലയ്ക്കു സമീപം റസിഡന്റ്‌സ് ഡോക്ടേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ആഗ്രയില്‍ വച്ച് കസ്റ്റഡിയിലെടുത്ത കണ്ണനെ സമീപത്തെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു.

കണ്ണന്‍ ഗോപിനാഥനെ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടന്ന പാനല്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തരുതെന്ന് യു.പി സര്‍ക്കാര്‍ അലിഗഡ് സര്‍വകലാശാലയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. അലിഗഡ് ജില്ലയില്‍ കണ്ണന്‍ പ്രവേശിക്കുന്നത് വിലക്കി മജിസ്ട്രേട്ട് ഉത്തരവും നിലവിലുണ്ടായിരുന്നു. എന്നാല്‍ ‘ഞാന്‍ അലിഗഡില്‍ പോകും. അധികൃതര്‍ ഉചിതം പോലെ ചെയ്യട്ടെ’ എന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്.

കസ്റ്റഡിയിലെടുത്തത് മുതലുള്ള കാര്യങ്ങള്‍ കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്ത കണ്ണന്‍ മൊബൈല്‍ പിടിച്ചെടുത്തേക്കുമെന്നും അത് പോയാല്‍ പിന്നെ ആരെയും ബന്ധപ്പെടാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. അതേസമയം സുരക്ഷാ കാരണങ്ങള്‍ മുന്‍നിറുത്തിയാണ് കണ്ണനെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് നിലപാട്.