കർണാടകയിൽ മാസം ഒരു ദിവസം ആർത്തവ അവധിക്ക് മന്ത്രിസഭ അംഗീകാരം നൽകി | Karnataka to grant one day menstrual leave across all sectors | India
Last Updated:
ബിഹാറും ഒഡീഷയും സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തി 12 ദിവസത്തെ വാർഷിക ആർത്തവ അവധി നയം നടപ്പിലാക്കിയിട്ടുണ്ട്
ബെംഗളൂരു: സർക്കാർ ഓഫീസുകൾ, സ്വകാര്യ കമ്പനികൾ, വ്യവസായ മേഖലകൾ എന്നിവിടങ്ങളിലെ വനിതാ ജീവനക്കാർക്ക് മാസം ഒരു ദിവസത്തെ ശമ്പളത്തോടുകൂടിയ ആർത്തവ അവധി അനുവദിക്കുന്ന ‘പീരിയഡ്സ് ലീവ് പോളിസി-2025’ക്ക് കർണാടക സർക്കാർ അംഗീകാരം നൽകി. ഒരു വർഷത്തിൽ ആകെ 12 ദിവസത്തെ ആർത്തവ അവധിയാണ് ഈ നയം വഴി ലഭിക്കുക.
വ്യാഴാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാനമായ ഈ നയം ചർച്ച ചെയ്ത് അംഗീകരിച്ചത്.
കഴിഞ്ഞ ഒരു വർഷമായി ഈ നയം നടപ്പിലാക്കുന്നതിനായി വകുപ്പ് പ്രവർത്തിച്ചു വരികയായിരുന്നെന്ന് കർണാടക തൊഴിൽ മന്ത്രി സന്തോഷ് ലാഡ് ന്യൂസ് 18 നോട് പറഞ്ഞു. “ധാരാളം എതിർപ്പുകളും വിവിധ വകുപ്പുകൾ തമ്മിൽ കൂടിയാലോചനകളും ഉണ്ടായിരുന്നു. സ്ത്രീകൾ വളരെയധികം സമ്മർദ്ദം അനുഭവിക്കുന്നു, പ്രത്യേകിച്ച് 10-12 മണിക്കൂർ ജോലി ചെയ്യുന്നവർ. അതുകൊണ്ട്, പുരോഗമനപരമായി ചിന്തിച്ച് അവർക്ക് ഒരു ദിവസത്തെ അവധി നൽകാൻ ഞങ്ങൾ ആഗ്രഹിച്ചു. ഇത് ദുരുപയോഗം ചെയ്യപ്പെടില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിയമങ്ങളിൽ എന്തെങ്കിലും കൂട്ടിച്ചേർക്കേണ്ടതുണ്ടെങ്കിൽ വരും ദിവസങ്ങളിൽ അത് ചെയ്യും,” അദ്ദേഹം വ്യക്തമാക്കി.
കർണാടകയിൽ 60 ലക്ഷത്തിലധികം സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടെന്നും അതിൽ 25-30 ലക്ഷം പേർ കോർപ്പറേറ്റ് മേഖലയിലാണെന്നുമാണ് വകുപ്പിന്റെ കണക്കുകൂട്ടൽ. നിയമം പ്രാബല്യത്തിൽ വരുന്നതിനു മുൻപ് എല്ലാ തൊഴിലുടമകളുമായി വകുപ്പ് ഒരു ബോധവൽക്കരണ യോഗം നടത്താൻ സാധ്യതയുണ്ട്.
ആർത്തവ സമയത്ത് സ്ത്രീകൾ അനുഭവിക്കുന്ന ശാരീരിക വെല്ലുവിളികളും വിശ്രമത്തിന്റെ ആവശ്യകതയും എടുത്തു കാണിച്ചുകൊണ്ട് ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ നിയമ വിഭാഗം മേധാവി സ്യപ്ന എസ്. അധ്യക്ഷയായ 18 അംഗ കമ്മിറ്റി സമർപ്പിച്ച ശുപാർശയെ തുടർന്നാണ് നയത്തിന് അംഗീകാരം ലഭിച്ചത്. വസ്ത്ര നിർമ്മാണ മേഖല പോലുള്ള സ്ത്രീകളെ ആശ്രയിക്കുന്ന വ്യവസായങ്ങളിൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ ഉൾപ്പെടെയുള്ള ഗുണദോഷങ്ങൾ സർക്കാർ അവലോകനം ചെയ്തിരുന്നു.
ബിഹാറും ഒഡീഷയും സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തി 12 ദിവസത്തെ വാർഷിക ആർത്തവ അവധി നയം നടപ്പിലാക്കിയിട്ടുണ്ട്.
Bangalore,Karnataka
October 09, 2025 5:29 PM IST
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y