ആര്‍എസ്എസ് വിജയദശമി പഥസഞ്ചലനത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥനെ കര്‍ണാടക സസ്‌പെന്‍ഡ് ചെയ്തു | Karnataka officer suspended for attending RSS event | India
Last Updated:
കോണ്‍ഗ്രസിന്റെ വികൃതവും ഹിന്ദു വിരുദ്ധവുമായ മനോഭാവമാണ് ഇതെന്ന് ബിജെപി ആരോപിച്ചു
ആര്‍എസ്എസ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്തതിന് കര്‍ണാടകയില്‍ ഒരു പഞ്ചായത്ത് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. പൊതു ഇടങ്ങളില്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് കോണ്‍ഗ്രസ് നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത കാരണത്താല്‍ സസ്‌പെന്‍ഡ് ചെയ്തത്.
റായ്ച്ചൂര്‍ ജില്ലയിലെ സിര്‍വാര്‍ താലൂക്കില്‍ നിന്നുള്ള പഞ്ചായത്ത് വികസന ഓഫീസര്‍ കെപി പ്രവീണ്‍ കുമാറിനെതിരെയാണ് നടപടി. ആര്‍എസ്എസ് ശതാബ്ദി ആഘോഷ പരിപാടിയില്‍ വിജയദശമി പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് ഗ്രാമവികസന, പഞ്ചായത്ത് രാജ് വകുപ്പ് വെള്ളിയാഴ്ച ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഒക്ടോബര്‍ 12-ന് ലിങ്‌സുഗൂരില്‍ നടന്ന റാലിയില്‍ ആര്‍എസ്എസിന്റെ ഗണവേഷത്തില്‍ യൂണിഫോമും വടിയുമെടുത്ത് പ്രവീണ്‍ കുമാര്‍ പങ്കെടുത്തിരുന്നു.
ഈ പ്രവൃത്തിയിലൂടെ രാഷ്ട്രീയ നിഷ്പക്ഷതയും അച്ചടക്കവും ആവശ്യമായ സിവില്‍ സര്‍വീസ് പെരുമാറ്റ നിയമങ്ങള്‍ പ്രവീണ്‍ ലംഘിച്ചതായി ഐഎഎസ് ഉദ്യോഗസ്ഥ അരുന്ധതി ചന്ദ്രശേഖര്‍ പുറപ്പെടുവിച്ച സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉദ്യോഗസ്ഥന്‍ സസ്‌പെന്‍ഷനില്‍ തുടരും.
സര്‍ക്കാര്‍ നടപടിയെ ബിജെപി നേതൃത്വം അപലപിച്ചു. കോണ്‍ഗ്രസിന്റെ വികൃതവും ഹിന്ദു വിരുദ്ധവുമായ മനോഭാവമാണ് ഇതെന്ന് ബിജെപി ആരോപിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ദേശസ്‌നേഹ വികാരങ്ങള്‍ക്ക് നേരെയുള്ള ആക്രമണം നടത്തുന്നതായി സംഭവത്തെ കുറിച്ച് ബിജെപി കര്‍ണാടക മേധാവി വിജയേന്ദ്ര യെദ്യൂരപ്പ പറഞ്ഞു.
“ഇത് ദുഷ്ടത മാത്രമുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ്. വികൃതവും ഹിന്ദു വിരുദ്ധവുമായ മനോഭാവമാണിത്. നിങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തെ ദുപയോഗം ചെയ്യുന്നു. അത് തിരികെ ട്രാക്കിലേക്ക് കൊണ്ടുവരാനുള്ള തന്ത്രം ഞങ്ങള്‍ക്ക് അറിയാം. ഈ സസ്‌പെന്‍ഷന്‍ ഉടന്‍ പിന്‍വലിക്കണം. ഇതിനെ ചെറുക്കാന്‍ ഭരണഘടനാപരമായ മാര്‍ഗങ്ങളിലൂടെ പ്രതികരണം നല്‍കും”, അദ്ദേഹം പറഞ്ഞു.
പൊതു ഇടങ്ങളില്‍ പരിപാടികള്‍ നടത്താന്‍ എല്ലാ സംഘടനകളും മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിയമം സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇത് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കത്തിന് കാരണമായി. ഇത്തരം സ്ഥാലങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന കർണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയാങ്ക് ഖാര്‍ഗെ ആഹ്വാനം ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്.
ഖാര്‍ഗെയ്ക്ക് നേരിട്ടുള്ള വെല്ലുവിളിയായി ഒക്ടോബര്‍ 19-ന് മന്ത്രിയുടെ ചിറ്റാപൂര്‍ നിയോജകമണ്ഡലത്തില്‍ ഒരു മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസ് തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച അഭ്യര്‍ത്ഥന ഇപ്പോഴും പൊലീസിന്റെ പക്കലുണ്ടെങ്കിലും ഒരുക്കങ്ങള്‍ക്കെതിരെ പ്രാദേശിക ഉദ്യോഗസ്ഥര്‍ നടപടികള്‍ ആരംഭിച്ചു. മാര്‍ച്ചിനായി സ്ഥാപിച്ചിരിക്കുന്ന കാവി പതാകകളും ബാനറുകളും നീക്കം ചെയ്തു. നിയമങ്ങള്‍ ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ഖാര്‍ഗെ മുന്നറിയിപ്പ് നല്‍കി.
Bangalore,Karnataka
October 18, 2025 5:27 PM IST
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y