26/11 മുംബൈ ഭീകരാക്രമണത്തിൽ മോദിയുടെ വിമര്‍ശനത്തിന് മറുപടിയുമായി പി. ചിദംബരം | P Chidambaram responds to Narendra Modi remark on Mumbai terror attacks | India
Last Updated:
കോണ്‍ഗ്രസ് പക്വതയോടെയും ഉത്തരവാദിത്തത്തോടെയും പ്രവര്‍ത്തിച്ചു : പി. ചിദംബരം
2008-ലെ മുംബൈ ഭീകരാക്രമണത്തില്‍ അന്നത്തെ യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി. ചിദംബരം. മുംബൈ ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണം വേണ്ടത്ര ശക്തമായിരുന്നില്ല എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് പി. ചിദംബരം അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ച് രംഗത്തെത്തിയത്.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ത്യയിലെ ഏറ്റവും മോശം ഭീകരാക്രമണങ്ങളില്‍ ഒന്നിനെ നേരിട്ടപ്പോള്‍ സംയമനത്തോടെയും പക്വതയോടെയും ഉത്തരവാദിത്തത്തോടെയും പ്രവര്‍ത്തിച്ചുവെന്ന് പി. ചിദംബരം പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ചിദംബരം മോദിക്ക് മറുപടി നല്‍കിയത്.
അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗും യുപിഎ സര്‍ക്കാരും വളരെ പക്വതയോടെയാണ് പ്രവര്‍ത്തിച്ചതെന്നും അത് ശരിയായ തീരുമാനമായിരുന്നുവെന്നും ലോകത്തിന്റെ ബഹുമാനം അത് നേടിയെന്നും ചിദംബരം പോസ്റ്റില്‍ പറഞ്ഞു. 2008-ല്‍ അന്നത്തെ സര്‍ക്കാരിന്റെ കൃത്യവും അളന്നുതൂക്കിയുമുള്ളതായ സമീപനം മേഖലയില്‍ വലിയ സംഘര്‍ഷം തടയുകയും ഉത്തരവാദിത്തമുള്ള ജനാധിപത്യമെന്ന നിലയില്‍ ഇന്ത്യ ആഗോളതലത്തില്‍ അതിന്റെ സ്ഥാനം നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ബുധനാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് പരാമര്‍ശം നടത്തിയത്. മുംബൈ ഭീകരാക്രമണത്തിന് ശേഷം രാജ്യം മുഴുവന്‍ രോഷാകുലരായിരുന്നുവെന്നും ആ സമയത്ത് ഇന്ത്യയുടെ പ്രതികരണം ശക്തമായിരിക്കണമായിരുന്നുവെന്നും മോദി പറഞ്ഞു. ഇന്നത്തെ ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ച നിലപാടെടുക്കുകയും തീവ്രവാദത്തിന്റെ ഉറവിടത്തില്‍ ചെന്ന് മറുപടി നല്‍കുകയും ചെയ്യുന്നുവെന്നും മോദി പറഞ്ഞു.
ഇന്ത്യയുടെ ദേശീയ സുരക്ഷയും ഭീകരവാദ വിരുദ്ധ സമീപനവും സംബന്ധിച്ച പരമാര്‍ശങ്ങളുടെ ഭാഗമായാണ് മോദി, മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ വിമര്‍ശിച്ചത്.
ഈ പരമാര്‍ശങ്ങള്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കത്തിന് കാരണമായി. 2008-ലെ ആക്രമണങ്ങള്‍ക്ക് ശേഷം യുപിഎ സര്‍ക്കാര്‍ നിര്‍ണായകമായ സൈനിക പ്രതികരണം നടത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന് ഭരണപക്ഷം ആവര്‍ത്തിച്ചു. അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തെ നയതന്ത്ര, സുരക്ഷാ നടപടികളെ ന്യായീകരിച്ച് രംഗത്തെത്തി.
മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തിന് മുന്നോടിയായാണ് ഈ രാഷ്ട്രീയപരമായ വാദപ്രതിവാദങ്ങള്‍ വന്നിരിക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നുള്ള പത്ത് ഭീകരര്‍ മുംബൈയില്‍ ഏകോപിതമായ ആക്രമണങ്ങള്‍ നടത്തുകയായിരുന്നു. ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും 300-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Thiruvananthapuram,Kerala
October 10, 2025 11:03 AM IST
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y