EBM News Malayalam
Leading Newsportal in Malayalam

‘നരസിംഹറാവുവിനെ ബിജെപിയുടെ ആ​ദ്യ പ്രധാനമന്ത്രിയെന്ന് മണിശങ്കർ അയ്യർ വിശേഷിപ്പിച്ചത് കോൺ​ഗ്രസിന്റെ ആശയം’: ബിജെപി – News18 Malayalam


പി.വി. നരസിംഹറാവുവിനെ ബി.ജെ.പിയുടെ ആദ്യ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യറിനെതിരെ തിരിച്ചടിച്ച് ബിജെപി. മണിശങ്കർ അയ്യർ എഴുതിയ പുസ്തകത്തിൽ കോൺഗ്രസിന്റെയും സഖ്യത്തിന്റെയും ചിന്തകളും ലക്ഷ്യങ്ങളുമാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നും ബിജെപി ആരോപിച്ചു.

പി വി നരസിംഹ റാവുവിനെ ബി ജെ പിയുടെ ആദ്യ പ്രധാനമന്ത്രി എന്ന് അയ്യർ വിളിച്ചത് നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ നിർദേശപ്രകാരമാണ് എന്ന് ബിജെപി ദേശീയ വക്താവ് സംബിത് പത്ര പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. നരസിംഹ റാവു കോൺഗ്രസുകാരൻ ആയിരുന്നുവെന്നും നെഹ്‌റു-ഗാന്ധി കുടുംബത്തിന് പുറത്തു നിന്ന് പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുകയും അഞ്ച് വർഷത്തെ മുഴുവൻ കാലാവധി പൂർത്തിയാക്കുകയും ചെയ്ത ആദ്യ വ്യക്തി റാവു ആണെന്നും പത്ര പറഞ്ഞു.

”കോൺ​ഗ്രസുകാരനാണെങ്കിലും, തങ്ങളുടെ കുടുംബത്തിന് പുറത്ത് ആരെങ്കിലും പ്രധാനമന്ത്രിയാകുന്നത് ഗാന്ധി കുടുംബത്തിന് സഹിക്കാനാവില്ല. അതുകൊണ്ടാണ് റാവു കോൺഗ്രസ് അല്ല, ബിജെപിയാണെന്ന് മണിശങ്കർ അയ്യർ പറഞ്ഞത്”, സംബിത് പത്ര പറഞ്ഞു. മണിശങ്കർ അയ്യർ എന്ത് എഴുതിയാലും സംസാരിച്ചാലും പറഞ്ഞാലും അതിന്റെ പിറകിലെ ആശയവും ലക്ഷ്യവുമെല്ലാം ഗാന്ധി കുടുംബത്തിന്റേതാണെന്നും പത്ര കൂട്ടിച്ചേർത്തു.

ഒരു മുൻനിര കോൺ​ഗ്രസ് നേതാവ് തന്നെയാണ് മണിശങ്കർ അയ്യറെന്നും എന്നാൽ മറ്റു കോൺ​ഗ്രസ് നേതാക്കളെപ്പോലെ തന്നെ അദ്ദേഹം നെഹ്‌റു-ഗാന്ധി കുടുംബത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും പത്ര പറഞ്ഞു. ” ഗാന്ധി കുടുംബവുമായി ഏറ്റവും അടുത്ത ബന്ധമുള്ള വ്യക്തികളിൽ ഒരാളാണ് മണിശങ്കർ അയ്യർ. അതിനാൽ അദ്ദേഹം എന്തെങ്കിലും പ്രസ്താവന നടത്തിയാൽ അത് ഗാന്ധി കുടുംബത്തിന്റെ ചിന്തകളാണെന്നു വേണം മനസിലാക്കാൻ”, ബിജെപി വക്താവ് കൂട്ടിച്ചേർത്തു.