രണ്ടാം മോദി സര്‍ക്കാരില്‍ മൂന്നാമനായി അമിത് ഷാ

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരില്‍ മൂന്നാമനായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ സത്യപ്രതിജ്ഞ ചെയ്തതോടെ ഇനിയാരാകും പാര്‍ട്ടി തലപ്പത്ത് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഈ സാഹചര്യത്തില്‍ ഏറ്റവുമധികം ഉയര്‍ന്ന് കേള്‍ക്കുന്ന പേര് മുന്‍ ആരോഗ്യമന്ത്രികൂടിയായ ജഗത് പ്രകാശ് നദ്ദ എന്ന ജെ.പി. നദ്ദയുടേതാണ്.
ആദ്യഘട്ടത്തില്‍ പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് ആയി തുടരുമെന്നുമാണ് സൂചനകള്‍. മന്ത്രിസഭയില്‍ നദ്ദയുടെ പേര് ഇല്ലാതിരുന്നപ്പോള്‍ മുതല്‍ പാര്‍ട്ടി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുമെന്ന ഊഹാപോഹങ്ങളും ഉയര്‍ന്നിരുന്നു. അതേസമയം, ഷായെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാതെ നദ്ദയെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതുമാണ് ആര്‍എസ്എസിന്റെ താത്പര്യമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എബിവിപിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച നദ്ദ ആര്‍എസ്എസിനോടും വളരെ അടുപ്പമുള്ള നേതാവാണ്. പിന്നീട് യുവമോര്‍ച്ചയിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ച നദ്ദ 2014 ആദ്യ മോദി സര്‍ക്കാരില്‍ മന്ത്രിസഭയിലും ഇടം പിടിച്ചിരുന്നു.
നേരത്തെ നദ്ദയ്ക്ക് പുറമെ മറ്റൊരു കേന്ദ്രമന്ത്രിയായിരുന്ന ധര്‍മ്മേന്ദ്ര പ്രധാന്റെയും പേരും അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു. പുതിയ മന്ത്രിസഭയില്‍ ധനകാര്യ വകുപ്പ് ആയിരിക്കും ഷായ്ക്ക് ലഭിക്കുക എന്നാണ് ദേശീയമാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ ഷായ്ക്ക് ആഭ്യന്തരവകുപ്പ് നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് അരുണ്‍ ജെയ്റ്റ്ലി ആരോഗ്യകാരണങ്ങളാല്‍ ഒഴിവാകുന്ന സാഹചര്യത്തിലാണ് ധനകാര്യ വകുപ്പും പരിഗണനയില്‍ വരുന്നത്.
ഒന്നാം മോദി സര്‍ക്കാരിലെ മറ്റു മന്ത്രിമാരായ മനേക ഗാന്ധി, സുരേഷ് പ്രഭു സഹമന്ത്രിമാരായ രാജ്യവര്‍ധന്‍ സിങ് റാത്തോര്‍, ജയന്ത് സിന്‍ഹ തുടങ്ങിയവരെയും ഇത്തവണ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചില്ല. അതേസമയം, രണ്ടാം മോദി സര്‍ക്കാരില്‍ സഹമന്ത്രിമാര്‍ അടക്കം ഇരുപത് പുതുമുഖങ്ങള്‍ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്.
എന്നാല്‍ ഷാ അധ്യക്ഷ സ്ഥാനത്തു നിന്നും മാറുമ്പോള്‍ പുതിയ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് അതൊരു തടസമാകുമോ എന്ന് ഭയപ്പെടുന്നവരുമുണ്ട്. അതിനാല്‍ തന്നെ ഷായോട് കിടപിടിക്കുന്ന മറ്റൊരാളെ തന്നെ ബിജെപിക്ക് കണ്ടെത്തണ്ടേതുണ്ട്.