EBM News Malayalam

കുവൈത്തില്‍ താമസാനുമതിയുമായി ബന്ധപ്പെട്ട് 14 നിര്‍ദ്ദേശങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികളുടെ താമസാനുമതിയുമായി ബന്ധപ്പെട്ട് 14 നിര്‍ദ്ദേശങ്ങള്‍ സഫാ അല്‍ ഹാഷിം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാകുന്ന നിര്‍ദ്ദേശങ്ങളാണവ. രാജ്യത്തെ വിദേശികളുടെ എണ്ണം അപകടകരമാം വിധം വര്‍ധിച്ചതായി ചൂണ്ടിക്കാട്ടിയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍.

വിദേശികളുടെ പരമാവധി താമസക്കാലം അഞ്ചു വര്‍ഷമാക്കി പരിമിതപ്പെടുത്തണം. നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ 40 വയസ്സ് പൂര്‍ത്തിയായവരെയും രോഗമോ വൈകല്യമോ ഉള്ളവരെയും സ്വന്തം നാടുകളിലേക്ക് അയക്കണം. വിദ്യാഭ്യാസ യോഗ്യതയും നിലവില്‍ ജോലി ചെയ്യുന്ന തസ്തികയും തമ്മില്‍ വൈരുധ്യമുണ്ടെങ്കിലും നാടുകടത്തണം.

സ്പോണ്‍സറുടെ കൂടെയല്ലാതെ ജോലി ചെയ്യുന്ന മുഴുവന്‍ വിദേശികളെയും നാടുകടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിസയില്‍ അല്ലാതെ വിദേശികള്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയാല്‍ നാടുകടത്തുകയും വിദേശികളെ കൊണ്ട് വരുന്നതില്‍ നിന്ന് ആ സ്ഥാപനത്തെ തടയുകയും വേണമെന്നും മൂന്നു തവണ ഗതാഗത നിയമലംഘനങ്ങള്‍ നടത്തുന്ന വിദേശികളെ നാടുകടത്തണമെന്നും നിയമലംഘനത്തിന്റെ വ്യാപ്തി അനുസരിച്ച് വീണ്ടും രാജ്യത്തേക്ക് വരുന്നത് തടയണമെന്നും തുടങ്ങി നിരവധി ആവശ്യങ്ങളാണ് നിര്‍ദ്ദേശങ്ങള്‍.

ഇഖാമയും വിദ്യാഭ്യാസ യോഗ്യതയും തമ്മില്‍ ലിങ്കിംഗ് സാധ്യമാക്കി, വിദേശികളെ രാജ്യത്തിനു ആവശ്യമാണെങ്കില്‍ മാത്രം തുടരാന്‍ അനുവദിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Comments
Loading...