EBM News Malayalam

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് നേടിയെടുക്കാന്‍ കേന്ദ്രത്തിന്റെ അന്തിമ തീരുമാനം കാത്ത് സംസ്ഥാനം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് നേടിയെടുക്കാന്‍ ടെണ്ടറില്‍ ഒന്നാമതെത്തിയ അദാനി മുന്നോട്ട് വെച്ച തുക നല്‍കാമെന്ന് സംസ്ഥാനം കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു. എന്നാല്‍ കരാര്‍ കാലാവധി തീര്‍ന്നിട്ടും കേന്ദ്രം ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. അതേസമയം സ്വകാര്യവല്‍ക്കരണത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തളളിയതിന് പിന്നാലെയാണ് ടെണ്ടര്‍ തുക കൂട്ടാമെന്ന പുതിയ നിര്‍ദ്ദേശം കേന്ദ്രത്തിന് മുന്നില്‍ വെച്ചത്.

ഒരു യാത്രക്കാരന് വേണ്ടി 168 രൂപ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കാമെന്നായിരുന്നു അദാനിയുടെ വാഗ്ദാനം. സര്‍ക്കാറിന് വേണ്ടി ടെണ്ടറില്‍ പങ്കെടുത്ത കെഎസ്‌ഐഡിസി മുന്നോട്ട് വെച്ചത് 135 രൂപ. അദാനിക്ക് കരാര്‍ നല്‍കുന്നതിനെ സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുകയാണ്.

സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാറിനെ മറികടന്ന് അദാനിക്ക് മുന്നോട്ട് പോകാനാകില്ല. ഈ സാഹചര്യത്തില്‍ അദാനി പിന്മാറുകയാണെങ്കില്‍ സമാനതുകയില്‍ സര്‍ക്കാറിന് കരാര്‍ കിട്ടാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ടെണ്ടര്‍ തുറന്നുള്ള പരിശോധനക്ക് ശേഷം തുക ഉയര്‍ത്തുന്നതിലെ നിയമപ്രശ്‌നമാണ് പ്രധാന തടസ്സം. ഒരു തവണ നീട്ടിയ ടെണ്ടര്‍ കാലാവധി ഡിസംബര്‍ 31ന് തീര്‍ന്നിരുന്നു.