Ultimate magazine theme for WordPress.

കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ തടിലോറിയില്‍ ഇടിച്ച് അഞ്ചു പേര്‍ മരിച്ചു

കോട്ടയം: കോട്ടയത്ത് കുറവിലങ്ങാടിനു സമീപം നിയന്ത്രണം വിട്ട കാര്‍ തടിലോറിയില്‍ ഇടിച്ച് അഞ്ചു പേര്‍ മരിച്ചു. എം സി റോഡില്‍ കാളികാവില്‍ പുലര്‍ച്ചെ ഒന്നരയോടെ കോട്ടയം തിരുവാതുക്കല്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്. കോട്ടയം വേളൂര്‍ ഉള്ളാട്ടില്‍പാദി വീട്ടില്‍ തമ്പി, ഭാര്യ വത്സല, മരുമകള്‍ പ്രഭ, ചെറുമകന്‍ അര്‍ജുന്‍, പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരണമടഞ്ഞത്.

എറണാകുളം ഭാഗത്തു നിന്നും വരികയായിരുന്ന കാര്‍, എതിര്‍ദിശയില്‍ നിന്നും പെരുമ്പാവൂരിലേയ്ക്കു പോകുകയായിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. വണ്ടിയോടിച്ചിരുന്നത് ആരാണെന്ന് വ്യക്തമായിട്ടില്ല. വണ്ടിയോടിച്ചയാള്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. അപകടത്തെ തുടര്‍ന്ന് ലോറിയ്ക്കടിയിലേയ്ക്കു ഇടിച്ചു കയറിയ കാറിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ പതിനഞ്ചു മിനിറ്റോളം പരിശ്രമിച്ച ശേഷമാണ് പുറത്തെത്തിച്ചത്.

തുടര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ ഇവരെയെല്ലാവരെയും പുറത്തെടുത്തത്. എന്നാല്‍ ഉടനെ എല്ലാവരെയും കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ല. എല്ലാവരുടെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ മോര്‍ച്ചറിയിലാണ്.

Comments are closed.