EBM News Malayalam

കാട്ടാക്കട നവജീവന്‍ ബാലഭവനില്‍ നിന്നും ചാടിപ്പോയ കുട്ടികളെ സര്‍ക്കാര്‍ കെയര്‍ഹോമുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കാട്ടാക്കട തച്ചന്‍കോട്ടുളള നവജീവന്‍ ബാലഭവനില്‍ നിന്നും കഴിഞ്ഞ ദിവസം പുലര്‍ച്ചെ ചാടിപ്പോയ ആറു കുട്ടികളെ സര്‍ക്കാര്‍ കെയര്‍ഹോമുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. ഒളിച്ചോടിപ്പോയ കുട്ടികളെ വീണ്ടും അതേ സ്വകാര്യ ഹോമിലേക്ക് വിട്ടത് വിവാദമായതിനെ തുടര്‍ന്നാണ് ഉത്തരവിട്ടത്. തുടര്‍ന്ന് പൊലീസിന്റെ അന്വേഷണത്തില്‍ മൂന്ന് മണിക്കൂറിനുളളില്‍ കുട്ടികളെ കണ്ടെത്തുകയായിരുന്നു.

അതേസമയം അനാഥാലയം അധികൃതരുടെ പീഡനമാണ് ഒളിച്ചോടാന്‍ കാരണമെന്നും ബാലഭവനില്‍ താമസിക്കാന്‍ താല്‍പര്യമില്ലെന്നും കുട്ടികള്‍ പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ വീണ്ടും ഇവരെ ഇതേ ഹോമിലേക്ക് വിടുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ ഇടപെട്ട ബാലാവകാശ കമ്മീഷന്‍ ബാലക്ഷേമസമിതി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജില്ലാപൊലീസ് മേധാവി എന്നിവരോട് വിശദീകരണം തേടിയിരിക്കുകയാണ്.

കുട്ടികളെ കൊണ്ടു വീട്ടു ജോലികള്‍ ഉള്‍പ്പടെ ചെയ്യിപ്പിക്കുന്നതായും വാര്‍ഡന്‍ നിരന്തരം പീഡിപ്പിക്കുന്നുവെന്ന് നേരത്തെ ഒരു കുട്ടി സ്‌കൂള്‍ അധികൃതരോട് പരാതി പറഞ്ഞിരുന്നു. പരാതികളെ തുടര്‍ന്ന് അഞ്ച് വര്‍ഷം മുന്‍പ് പ്രവര്‍ത്തനം അവസാനിപ്പിച്ച സ്ഥാപനം പിന്നീട് വീണ്ടും തുറക്കുകയായിരുന്നു. കൂടാതെ നവജീവന്‍ ബാലഭവനെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ടായിരുന്നു.