EBM News Malayalam
Leading Newsportal in Malayalam

കിള്ളിപ്പാലത്തില്‍ കുടിവെള്ള ടാങ്കര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കിള്ളിപ്പാലം ജംഗ്ഷനില്‍ കുടിവെള്ള ടാങ്കര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു. ഒപ്പമുണ്ടായിരുന്ന നാല് വയസുകാരന്‍ മകന്‍ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഇന്നലെ രാവിലെ 10.30ന് പാപ്പനംകോട് മാങ്കുളം കലാ ഭവനില്‍ വിനോദിന്റെ ഭാര്യ സുനിതയാണ് (36) മരിച്ചത്. തുടര്‍ന്ന് പരിക്കേറ്റ മകന്‍ ശ്രീഹരിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സി.പി.എം പള്ളിത്തറ ബ്രാഞ്ച് കമ്മിറ്റി അംഗവും കുടുംബശ്രീ എസ്റ്റേറ്റ് വാര്‍ഡ് എ.ഡി.എസ് മെമ്പറും അക്ഷരശ്രീ കോ-ഓര്‍ഡിനേറ്ററുമായ സുനിത നഗരത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. വളവു തിരിയുന്നതിനിടെ അമിത വേഗത്തിലെത്തിയ ടാങ്കര്‍ സുനിതയെ തട്ടിയിടുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ സുനിതയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തുടര്‍ന്ന് റോഡില്‍ വീണ യുവതിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയെന്നാണ് അറിവ്. സംഭവത്തില്‍ ലോറി ഓടിച്ചിരുന്ന നെടുമങ്ങാട് പൂവത്തൂര്‍ മകയിരവിലാസം പാറക്കോണത്തുവീട്ടില്‍ അരുണിനെ(32) കസ്റ്റഡിയിലെടുത്തു. പിതാവ്:രവീന്ദ്രന്‍ നായര്‍, മാതാവ്: മീനാക്ഷി. നേമം വിക്ടറി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥി ഹരിപ്രസാദാണ് മൂത്ത മകന്‍. ഇളയമകന്‍ ശ്രീഹരി പാപ്പനംകോട് എല്‍.പി.എസിലെ നഴ്‌സറി വിദ്യാര്‍ത്ഥിയാണ്.