എന്‍.പി.ആര് പുതുക്കലുമായി ബന്ധപ്പെട്ട നടപടികളോട് സംസ്ഥാനം സഹകരിക്കേണ്ടതില്ലെന്ന് മന്ത്രിസഭായോഗം
തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികളുമായി മുന്നോട്ടുപോകുന്നത് സംസ്ഥാനത്തെ ക്രമസമാധാനനിലയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ എന്‍.പി.ആര് പുതുക്കലുമായി ബന്ധപ്പെട്ട നടപടികളോട് സംസ്ഥാനം സഹകരിക്കേണ്ടതില്ലെന്ന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
ദേശീയ ജനസംഖ്യാ രജിസ്റ്ററും ഒപ്പം പുതുക്കാന്‍ ശ്രമിച്ചാല്‍ സെന്‍സസ് തന്നെ കൃത്യമായി നടപ്പിലാക്കാന്‍ കഴിയാതാവുമെന്ന് ജില്ലാ കളക്ടര്‍മാരും സര്‍ക്കാരിനെ അറിയിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുത ആരാഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയുമാണ്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സഹകരിക്കാന്‍ നിവൃത്തിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മിഷണറെ അറിയിക്കും. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുന്ന പ്രക്രിയയാണ്. ഇത് രണ്ടും സംസ്ഥാനത്ത് നടപ്പാക്കുന്നത് അരക്ഷിതാവസ്ഥയ്ക്ക് കാരണമാവും.
ഇതിനകം ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയ സംസ്ഥാനങ്ങളിലെ അനുഭവം യോഗത്തില്‍ മന്ത്രിമാര്‍ പറഞ്ഞിരുന്നു. അതേസമയം സെന്‍സസ് (ജനസംഖ്യാ കണക്കെടുപ്പ്) നടപടികളോട് പൂര്‍ണമായി സഹകരിക്കുന്നതാണ്. 2003ല്‍ വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് വരുത്തിയ നിയമഭേദഗതിയനുസരിച്ചാണ് സെന്‍സസിനോട് ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും ബന്ധിപ്പിച്ചത്. അതിന്റെ തുടര്‍നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്.