Ultimate magazine theme for WordPress.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികളോട് സഹകരിക്കരുതെന്ന് ജനങ്ങളെ നേരില്‍ക്കണ്ട് ബോധിപ്പിക്കാന്‍ തീരുമാനിച്ച് കേന്ദ്രകമ്മിറ്റി യോഗം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും മുന്നൊരുക്കമായാണ് ജനസംഖ്യാ രജിസ്റ്റര്‍. ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കമാണ് ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്നതെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിനായി ഭഗത് സിംഗ് രക്തസാക്ഷിദിനമായ മാര്‍ച്ച് 23 വരെ വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി വര്‍ഗ്ഗ ബഹുജന സംഘടനകളുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തുമെന്നും പൗരത്വഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ രാജ്യവ്യാപക പ്രക്ഷോഭത്തില്‍ സജീവപങ്കാളിത്തം വഹിക്കാനും മൂന്ന് ദിവസത്തെ കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.

തുടര്‍ന്ന് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികളോട് സഹകരിക്കരുതെന്ന് ജനങ്ങളെ നേരില്‍ക്കണ്ട് ബോധിപ്പിക്കാനായി വീടുകളിലെത്തുന്ന എന്യുമറേറ്റര്‍മാര്‍ സെന്‍സസുമായും ദേശീയ ജനസംഖ്യാ രജിസ്റ്ററുമായും ബന്ധപ്പെട്ട ചോദ്യങ്ങളുന്നയിക്കുമ്പോള്‍ സെന്‍സസിന്റെ ചോദ്യങ്ങള്‍ക്ക് മാത്രമേ ഉത്തരം നല്‍കാവൂ എന്നാണ് ആഹ്വാനം.

കേരളത്തില്‍ സംയുക്ത പ്രക്ഷോഭത്തിന് സഹകരിക്കില്ലെന്ന കോണ്‍ഗ്രസ് തീരുമാനത്തെപ്പറ്റി അവരോട് ചോദിക്കണം. ചില പ്രത്യേക കാരണങ്ങളാല്‍ ഡല്‍ഹിയിലെ പ്രതിപക്ഷപാര്‍ട്ടികളുടെ സംയുക്തയോഗത്തില്‍ നിന്ന് ചിലരെല്ലാം വിട്ടുനിന്നു. എല്ലാവരും യോജിച്ച് നില്‍ക്കേണ്ട സന്ദര്‍ഭമാണിത്. ഇല്ലെങ്കില്‍ ഭരണഘടനയും രാജ്യത്തിന്റെ അസ്തിത്വവും ഇല്ലാതാകും.

പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ അവിടങ്ങളില്‍ ജനസംഖ്യാ രജിസ്റ്റര്‍ നടപടികളും നിറുത്തിവയ്ക്കണം. പ്രതിപക്ഷപാര്‍ട്ടികളുടെ സംയുക്തയോഗത്തിലെ തീരുമാനപ്രകാരം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം( 23), റിപ്പബ്ലിക് ദിനം (26), ഗാന്ധിജിയുടെ രക്തസാക്ഷി ദിനം (30) എന്നിവ ആചരിക്കും.

പൗരത്വഭേദഗതി വിഷയത്തില്‍ വ്യക്തമായ നിലപാടുകളുമായി മുന്നോട്ട് പോകുന്ന കേരള സര്‍ക്കാരിനെ കേന്ദ്രകമ്മിറ്റി അഭിനന്ദിച്ചു. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയ കേരള, പഞ്ചാബ് സര്‍ക്കാരുകളുടെ മാതൃക മറ്റ് ബി.ജെ.പിയിതര സംസ്ഥാനങ്ങളും പിന്തുടരണം. സംസ്ഥാനങ്ങളില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണം. പ്രക്ഷോഭകരോട് പ്രതികാരം വീട്ടാനുള്ള യു.പി മുഖ്യമന്ത്രിയുടെ ആഹ്വാനമാണ് അവിടത്തെ പൊലീസ് അതിക്രമങ്ങള്‍ക്ക് പ്രചോദനമെന്നും യെച്ചൂരി വ്യക്തമാക്കി.

Comments are closed.