പൗരത്വ നിയമ ഭേദഗതി : ഹര്‍ജികള്‍ പരിഗണിക്കുന്നത് കേരളഹൈക്കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി
കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമാന സ്വഭാവമുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ നിലവിലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനു പിന്നാലെ ഹര്‍ജികള്‍ പരിഗണിക്കുന്നത് കേരളഹൈക്കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി. പൗരത്വ നിയമഭേദഗതി ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അമ്പതിലധികം ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്.
അതേസമയം മുസ്ലിംങ്ങള്‍ അല്ലാത്ത കുടിയേറ്റക്കാരുടെ കണക്കെടുപ്പ് യുപി സര്‍ക്കാര്‍ ആരംഭിച്ച സാഹചര്യം ചൂണ്ടിക്കാട്ടി പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീംകോടതിയില്‍ പുതിയ അപേക്ഷ നല്കി. 131 ാം അനുഛേദപ്രകാരം കേരള സര്‍ക്കാരും കോടതിയെ സമീപിച്ചിട്ടുണ്ട്.
നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരത്തിലധികം കത്തുകളാണ് ഇതിനകം ചീഫ് ജസ്റ്റിസിന് ലഭിച്ചിട്ടുള്ളത്. എന്നാല്‍ ജനസംഖ്യ കണക്കെടുപ്പില്‍ ആധാര്‍, പാസ്പോര്ട്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐ.ഡി എന്നിവ നിര്‍ബന്ധമല്ലെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അറിയിച്ചിരുന്നു. എന്നാല്‍ രേഖകള്‍ ഉള്ളവര്‍ അത് നല്‍കണം എന്നാണ് ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയം പറയുന്നത്.