Ultimate magazine theme for WordPress.

കേരളത്തിലെ മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം തടഞ്ഞ തീരുമാനം കേരളത്തെ പ്രത്യക്ഷത്തില്‍ ദ്രോഹിച്ചതാണ് : തോമസ് ഐസക്

തിരുവനന്തപുരം : പ്രളയസഹായം തേടിയുള്ള സംസ്ഥാന മന്ത്രിമാരുടെ വിദേശയാത്ര തടഞ്ഞിട്ടില്ലെന്ന കേന്ദ്ര മന്ത്രി വി. മുരളീധരന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് ധനമന്ത്രി ഡോ: തോമസ് ഐസക് രംഗത്തെത്തി. ഏഴു സംസ്ഥാനങ്ങള്‍ക്ക് സഹായം അനുവദിച്ച കേന്ദ്രം കേരളത്തിന്റെ നിവേദനം തള്ളിയത് രാഷ്ട്രീയലാക്കോടെയാണെന്ന പ്രചരണമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുകയെന്നും പ്രളയനാശനഷ്ടത്തെ അതിജീവിക്കാന്‍ കേരളത്തിന് അര്‍ഹമായ സഹായം തുടര്‍ച്ചയായി നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും ഐസക് കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് 2,109 കോടി രൂപയുടെ നാശനഷ്ടം സംബന്ധിച്ച നിവേദനമാണ് നാം നല്‍കിയത്. എന്നാല്‍ ഒരു രൂപ പോലും അനുവദിക്കാന്‍ അമിത് ഷായും സംഘവും തയാറായില്ല. മറ്റുള്ളവര്‍ക്ക് 5,908 കോടി രൂപ അനുവദിച്ചിട്ടുമുണ്ട്. കേരളത്തിന് ഒരു സഹായവും നല്‍കരുതെന്ന് ബി.ജെ.പി പ്രത്യക്ഷത്തില്‍ത്തന്നെ വലിയ പ്രചാരണം സംഘടിപ്പിച്ചത് 2018ലും കണ്ടതാണ്.

പ്രളയദുരിതത്തെ അതിജീവിക്കാന്‍ ഒരു പണവും അധികമായി കേരളത്തിന് ലഭ്യമാകരുത് എന്നൊരു വാശി ബി.ജെ.പിക്കുണ്ട്. നമ്മുടെ വായ്പാ പരിധിക്കു പുറത്തുനിന്ന് വായ്പയെടുക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിരുന്നു. അതിനും അനുമതി നല്‍കിയില്ല. ജി.എസ്.ടി. കൗണ്‍സിലില്‍ ആദ്യം അനുമതി നല്‍കാമെന്ന വാഗ്ദാനം നല്‍കിയിരുന്നു.

വായ്പകള്‍ തരപ്പെടുത്തിയപ്പോഴാകട്ടെ, കേന്ദ്രം വാക്കു മാറി. സ്വന്തം നിലയില്‍ വായ്പയെടുത്തും ദുരന്തത്തെ മറികടക്കാന്‍ കേന്ദ്രവും ബി.ജെ.പിയും സമ്മതിക്കുന്നില്ല. ഇതിന് ഉത്തരം പറയേണ്ടത് കേരളത്തിലെ ബി.ജെ.പിയാണെന്നാണ് ഐസക് പറയുന്നത്.

‘പ്രളയസഹായം തേടി പ്രവാസികളെ സമീപിക്കാന്‍ തീരുമാനിച്ച കേരളത്തിലെ മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം തടഞ്ഞ തീരുമാനം കേരളത്തെ പ്രത്യക്ഷത്തില്‍ ദ്രോഹിച്ചതാണ്. ഇതിനെ പരസ്യമായി ന്യായീകരിക്കുകയായിരുന്നു കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി മുരളീധരന്‍. അനുമതി നിഷേധിച്ചിട്ടില്ല എന്ന പച്ചക്കള്ളമാണ് അദ്ദേഹം പ്രചരിപ്പിച്ചത്. അനുമതി നല്‍കിയാല്‍ മാത്രമേ സന്ദര്‍ശനം സാധ്യമാകൂ എന്നിരിക്കെ, നിഷേധിച്ചിട്ടില്ല എന്ന വാദത്തിന് പ്രസക്തിയില്ല.’-തോമസ് ഐസക് ഫെയ്സ്ബുക്കില്‍ പറഞ്ഞു.

Comments are closed.