EBM News Malayalam
Leading Newsportal in Malayalam

പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 961 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 961 കോടി രൂപ അനുവദിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനാണ് ഫണ്ട് അനുവദിച്ചത്.

‘മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി’ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ നവീകരണ പ്രവൃത്തികളുടെ മേല്‍നോട്ടത്തിന് പ്രാദേശികതലത്തില്‍ സമിതി രൂപീകരിക്കും ഇതോടൊപ്പം ജില്ലാതലത്തില്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനിയര്‍മാരെ ഉള്‍പ്പെടുത്തി സാങ്കേതിക സമിതിയും രൂപീകരിക്കുകയാണ്.

അതേസമയം ഗ്രാമപ്രദേശങ്ങളിലും പട്ടണങ്ങളിലുമായി 11,880 കിലോമീറ്റര്‍ റോഡുകള്‍ പ്രളയത്തില്‍ തകര്‍ന്നതായിട്ടാണ് കണക്കാക്കിയത്. കൂടാതെ എസ്.ഐ.എസ്.എഫ് വിപുലീകരണത്തിനും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കിയിരിക്കുകയാണ്. ധനവകുപ്പ് മുന്നോട്ടുവെച്ച നിബന്ധനകള്‍ പ്രകാരം ഇതിനായി രണ്ടു ഘട്ടങ്ങളിലായി സുരക്ഷാ ഉദ്യോഗസ്ഥരുടെ രണ്ടായിരം തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ആദ്യഘട്ടത്തില്‍ ആയിരം തസ്തികകള്‍ സൃഷ്ടിക്കുന്നതാണ്. സര്‍ക്കാരിനു കീഴിലുള്ള പ്രധാന സ്ഥാപനങ്ങള്‍ക്കും പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള സ്ഥാപനങ്ങള്‍ക്കും സുരക്ഷ നല്‍കുന്നതിനാണ് 2011-ല്‍ സംസ്ഥാന വ്യവസായ സംരക്ഷണ സേന രൂപീകരിച്ചത്.